തൃശൂർ കുതിരാൻ തുരങ്കം നാളെ തുറക്കില്ല. തുരങ്കം പരിശോധിച്ച് ദേശീയപാത അധികൃതർ സുരക്ഷാ റിപ്പോർട്ട് നൽകി. പക്ഷേ, അന്തിമ അനുമതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്ന് ലഭിക്കണം. ഈ അനുമതി അടുത്ത ആഴ്ച കിട്ടുമെന്നാണ് സൂചന.

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു. അഞ്ചു ശതമാനം ജോലികൾ മാത്രമായിരുന്നു ബാക്കി. തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ തുരങ്കത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് റീജനൽ ഓഫിസിന് കൈമാറി. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ്. ഈ അനുമതി കിട്ടിയാൽ മാത്രമേ തുരങ്കം തുറക്കാൻ കഴിയൂ. തുരങ്കത്തിലൂടെയുള്ള യാത്രയ്ക്ക് കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. അതേസമയം, തുരങ്കം തുറക്കുന്നത് ചർച്ച ചെയ്യാൻ ജില്ലയിലെ എം.പിമാരെ പങ്കെടുപ്പിച്ച് ഡൽഹിയിൽ യോഗം വിളിച്ചേക്കും. യോഗം വിളിക്കണമെന്ന് എം.പിമാർ കേന്ദ്രമന്ത്രി വി.മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചേക്കും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ആഴ്ച വന്നേക്കും.