railfencing

കാട്ടാനയെ തടയാന്‍ കിഫ്ബി ഫണ്ടുപയോഗിച്ച് കോടികൾ മുടക്കി സ്ഥാപിച്ച റെയിൽ ഫെൻസിങ്ങും ആന തകർത്തു. വയനാട് വന്യജീവി സങ്കേതത്തില്‍ സ്ഥാപിച്ച റെയിൽ ഫെൻസിങ്ങാണ് പലയിടങ്ങളില്‍ കാട്ടാന തകർത്തത്. നിർമാണത്തിലെ അപാകതയാണ് ഫെൻസിങ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

വയനാട് വന്യജീവിസങ്കേത്തിലെ കുറിച്യാട് റേഞ്ചിൽപ്പെടുന്ന ബത്തേരി സത്രംകുന്ന് മുതൽ പൂതാടി പഞ്ചായത്തിലെ മൂഡകൊല്ലിവരെയുള്ള വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ്ങാണ് തകർന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ചാണ് 10 കിലോമീറ്റർ ദൂരത്തിൽ റെയിൽ ഫെൻസിങ് സ്ഥാപിച്ചത്. നിർമാണം പൂർത്തിയാക്കി ആറ് മാസം പിന്നിടുന്നതിനുമുമ്പേ തന്നെ വേലി കാട്ടാന ചവിട്ടിപ്പൊളിച്ചു. കോൺക്രീറ്റിൽ ഉറപ്പിച്ച കാലുകളിൽ നട്ടുംബോൾട്ടുമിട്ടാണ് വിലങ്ങനെ റെയിൽപാള വേലി തീർത്തത്. ശക്തമെന്ന് അവകാശപ്പെടുന്ന പ്രതിരോധങ്ങൾ പോലും തകർത്തെത്തുന്ന ആനകൾ തിരികെ കാട്ടിൽ കയറാത്തതും കൃഷിനാശത്തിന്റെ രൂക്ഷത വർധിപ്പിക്കുകയാണ്

കഴിഞ്ഞ രാത്രികളിൽ തേൻകുഴി വനാതിർത്തിയിലടക്കം പലയിടങ്ങളിൽ ഇതേരീതിയില്‍ കാട്ടാന ഫെൻസിങ് തകർത്തു. മുന്‍പിലാത്തവിധം കാട്ടാനശല്യത്താല്‍ പൊറുതുമുട്ടികയാണ് വയനാട്ടിലെ കര്‍ഷകജനത.