ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കും മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു സ്ഥലമുണ്ട് കേരളത്തിൽ. കൊല്ലം ജില്ലയിലെ കടയ്ക്കലാണ് ഈ പ്രദേശം. സർ സിപിക്കെതിരെ കടയ്ക്കലിലെ ജനങ്ങൾ ഒന്നാകെ അണിനിരന്ന കടയ്ക്കൽ വിപ്ലവം ചരിത്രമാണ്.

കടയ്ക്കലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിപ്ലവ സ്മാരകത്തിന് ചരിത്രമേറെയുണ്ട് പറയാന്‍. ജനകീയ പ്രതിരോധവും ഭരണകൂടത്തിന്റെ ക്രൂരതയുമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും ഉജ്വലമായതാണ് കടക്കയ്ക്കല്‍‌ വിപ്ളവ മുന്നേറ്റമെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. 1938 സെപ്റ്റംബർ 26 ന് കടയ്ക്കൽ ആൽത്തറമൂട്ടിൽ ചേര്‍ന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗമാണ് കടയ്ക്കല്‍ പ്രക്ഷോഭത്തിന് തിരിയിട്ടത്. അനുവദിച്ചതിലും പതിന്മടങ്ങ് കരം പിരിക്കുന്നവര്‍ക്കെതിരെയും അതിന് പിന്തുണ നൽകുന്ന പൊലീസുകാര്‍ക്കെതിരെയുമായിരുന്നു പ്രക്ഷോഭം. പൊലീസ് സ്റ്റേഷന്‍ തകര്‍ത്തായിരുന്നു ജനകീയപ്രതിരോധം അവസാനിച്ചത്. ഒരു രാജ്യമായി കടയ്ക്കലിനെ പ്രഖ്യാപിച്ചതും ചരിത്രം. കടക്കൽ സർവീസ് സഹകരണ ബാങ്കും പഞ്ചായത്തും ചേര്‍ന്നാണ് വിപ്ലവ സ്മാരകം ഇന്നത്തെ രൂപത്തിലാക്കിയത്. 

രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒാര്‍മിക്കപ്പെടുമ്പോഴൊക്കെ കടയ്ക്കലും ചരിത്രപരമായി ശ്രദ്ധനേടുന്നു.