പാഡി ആര്‍ട്ടില്‍ വര്‍ഷങ്ങളായി പരീക്ഷണം നടത്തുന്ന വയനാട് സ്വദേശി ജോണ്‍സണ്‍ ഇത്തവണ ഒരുക്കിയത് വയല്‍ പൂക്കളം. പരമ്പരാഗത നെല്‍വിത്തുകള്‍ ഉപയോഗിച്ചാണ് ഞാറില്‍ പലനിറമടങ്ങുന്ന പൂക്കളുടെ മാതൃക സൃഷ്ടിച്ചത്. ഞാറുകള്‍ കൃഷിക്കായി മാറ്റി നടുമ്പോള്‍ വിപുലമായ പാഡി ആര്‍ട്ട് ആക്കുകയാണ് ലക്ഷ്യം.

നെല്‍കൃഷിയുടെ ഈറ്റില്ലമായ വയനാട് മാനന്തവാടിക്കടുത്ത തൃശിലേരി ഗ്രാമത്തിലാണ് മുന്‍ അധ്യാപകന്‍ കൂടിയായ ജോണ്‍സന്റെ വയല്‍ പൂക്കളം. പച്ചയും വയലറ്റും നിറത്തിലുള്ള ഞാറുകളിലാണ് അത്തപ്പൂക്കള മാതൃക ക്രമീകരിച്ചത്. 

കാല ബാത്ത്, കാകിശാല, നാസർ ബാത്ത് എന്നീ ഉത്തരേന്ത്യൻ നെൽവിത്തുകൾ ഉപയോഗിച്ചാണ് കൃഷി. കഴിഞ്ഞ 4 വർഷമായി വയലിൽ പാഡി ആര്‍ട്ടിന് സമാനമായ കലാസൃഷ്ടികള്‍ ഒരുക്കാറുണ്ട് ഈ കർഷകൻ. 46 ഇനം പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ കൂടിയാണ് ഇദ്ദേഹം. ജൈവകൃഷിയെ മുറുകെപ്പിടിച്ച് പാരമ്പര്യത്തെ കൈവിടാതെ സർഗാത്മകമാക്കുകയാണ് ഈ കർഷകൻ. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജൈവ കര്‍ഷകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു