TAGS

നാ‌ടകത്തിനായി ജീവിച്ച സഹോദരങ്ങള്‍ ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കുന്നു. കോവിഡ് കാലത്ത് വേദികളെല്ലാം അടഞ്ഞതോ‌ടെയാണ് ഇവര്‍ പുതിയ വഴി തേടിയത്. ചാത്തങ്കരി സ്വദേശികളായ ജോജോയും സഹോദരന്‍ ജിജോയും നാ‌ടകത്തിനായി ജീവിച്ചവരാണ്. ഇരുപത്തൊന്നാം വയസില്‍ സംഗമം എന്ന അമച്വര്‍ നാ‌ടക സംഘം തുടങ്ങി . 13 നാ‌ടകങ്ങള്‍ അവതരിപ്പിച്ചു. 

ജിജോ ഇതിനിടെ ഗള്‍ഫിലേക്ക് പോയി. സമ്പാദ്യമെല്ലാം ചേര്‍ത്ത് 2016ല ‍സഹൃദയ എന്ന പ്രഫഷണല്‍ നാടകവേദി തുടങ്ങി. സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ എന്ന നാടകം അരങ്ങിലെത്തേണ്ടതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് 2018ലെ മഹാപ്രളയം വന്നത്. ഉപകരണങ്ങള്‍ പ്രളയത്തില്‍ നശിച്ചു. പിന്നാലേ കോവിഡ് കാലവുമെത്തിയതോടെ വഴികളെല്ലാം അടഞ്ഞു.

പച്ചക്കറി വില്‍ക്കുന്ന വാഹനത്തിന്‍റെ വായ്പയില്‍ ആറ് മാസത്തോളം കുടിശിക വന്നു. ജോജോയുടെ മകള്‍ക്ക് ശ്വാസകോശത്തിന് ഗുരുതര രോഗമാണ്. ശ്വാസകോശത്തിന്‍റെ ഭാഗങ്ങളും വാരിയെല്ലുകളും നീക്കം ചെയ്തു. അമ്മയ്ക്കും ഗുരുതര രോഗമാണ്. ചികില്‍സയ്ക്കടക്കം ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ലെന്ന് ഇവര്‍ പറയുന്നു.