പ്ലസ് വൺ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായ ശേഷമുള്ള കോടതി വിധി വിദ്യാഭ്യാസവകുപ്പിനു തിരിച്ചടിയായി. പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനമാകുന്നതു വരെ നിർത്തിവെച്ച പ്ലസ്ടു ക്ലാസുകളും തുടങ്ങാനാകില്ലെന്നായതോടെ വിദ്യാര്‍ഥികളും  ആശങ്കയിലായിട്ടുണ്ട് . സുപ്രീംകോടതി അനുമതി നൽകിയാലും ടൈംടേബിൾ തയാറാക്കാനും കുട്ടികൾക്ക് തയാറെടുക്കാനും വീണ്ടും സമയം നൽകേണ്ടി വരും.  

അടുത്ത വര്‍ഷം മാർച്ചിൽ പ്ലസ്ടു പരീക്ഷ നടക്കേണ്ടതിനാൽ പ്ലസ് വൺ പരീക്ഷ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നിലപാടിലായിരുന്നു വിദ്യാഭ്യാസവകുപ്പ് . പരീക്ഷയുടെ സർക്കുലറിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.  പ്ലസ് വൺ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പർ അച്ചടി പൂർത്തിയാക്കി നേരത്തെ തന്നെ ജില്ലകളിൽ എത്തിച്ച് സ്കൂളുകളിലേക്കുള്ള വിതരണവും തുടങ്ങിയിരുന്നു. ഹാൾ ടിക്കറ്റ് വിതരണവും സ്കൂളുകൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങളും പൂര്‍ത്തിയായി. 

പ്ലസ് വൺ പരീക്ഷ കണക്കിലെടുത്ത്  രണ്ടാം വർഷ ഡിജിറ്റൽ ക്ലാസുകൾ  ഓഗസ്റ്റ് 1 മുതൽ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പിന്നീട് കുട്ടികൾക്ക് പരീക്ഷയ്ക്കൊരുങ്ങാൻ റിവിഷൻ ക്ലാസുകളും സംശയനിവാരണ ക്ലാസിനുമായിരുന്നു മുന്‍ഗണന. പരീക്ഷ സംബന്ധിച്ച് തീരുമാനമാകുന്നതു വരെ പ്ലസ്ടു ക്ലാസുകളും പുനരാരംഭിക്കാനാകില്ല.  പ്ലസ് വൺ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ തുടക്കം മുതൽ വ്യാപകമായ പരാതികളുയർന്നിരുന്നു. ഒരു ദിവസം പോലും നേരിട്ടു സ്കൂളുകളിലെത്താൻ കഴിയാതിരുന്ന കുട്ടികൾക്ക് പരീക്ഷ നടത്തുന്നതിനെയാണ് അധ്യാപക സംഘടനകൾ ഉൾപ്പെടെ അന്നു ചോദ്യം ചെയ്തത്. എന്നാൽ, പരീക്ഷ നടത്തുമെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചു നിന്നു. പരാതി വ്യാപകമായതോടെയാണ് മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് ടൈംടേബിൾ മാറ്റി ഇടവേള ഉറപ്പാക്കിയത്.