ഗർഭസ്ഥ ശിശുമരിച്ചതറിയാതെ വേദനയുമായെത്തിയ യുവതിയെ പരിശോധിക്കാതെ വിട്ടതിൽ മൂന്ന് സർക്കാർ ആശുപത്രികൾക്ക് ഗുരുതരവീഴ്ച. ആരോഗ്യനില മോശമായിരുന്ന യുവതി കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. കുഞ്ഞു മരിക്കാനിടയായതിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം വേണമെന്നും നീതി കിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പാരിപ്പള്ളി കുളമടയിൽ താമസിക്കുന്ന കല്ലുവാതുക്കൽ പാറ സ്വദേശി മിഥുന്റെ ഭാര്യ മീരയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവൺമെന്റ് വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം ചികിസയ്ക്ക് എത്തിയത്. വയറുവേദന കാരണം കഴിഞ്ഞ പതിനൊന്നിന്ന് താലൂക്കാശുപത്രിയിൽ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്തു. കുഞ്ഞുങ്ങളുടെ ഐസിയു ഇല്ല എന്ന കാരണത്താൽ അവിടെയും അഡ്മിറ്റ് ചെയ്തില്ല. പിന്നീട് തിരുവനന്തപുരം എസ്എടിയിലേക് പോകാൻ പറഞ്ഞു. അവിടെയും പരിശോധിക്കാതെ വിട്ടയച്ചെന്ന് മീരയുടെ ബന്ധുക്കൾ പറയുന്നു.
ജീവനറ്റ കുഞ്ഞിനെയാണ് മീര പ്രസവിച്ചത്. മൃതദേഹത്തിന് ഒരാഴ്ച ദിവസം പഴക്കമുണ്ടായിരുന്നു.ഗുരുതരമായ വീഴ്ചയാണ് സർക്കാർ ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യ വകുപ്പിന്റ അന്വേഷണം ആവശ്യമാണ്. നീതി കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആശുപത്രികളുടെ ഭാഗത്തു നിന്നോ ജില്ലാ മെഡിക്കൽ ഓഫീസറോ വിശദീകരണം നൽകിയിട്ടില്ല.