കോവിഡ് സാഹചര്യത്തില്‍ മങ്ങിയ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വായി ആഡംബര നൗക കൊച്ചിയിലെത്തുന്നു. 1200 യാത്രികരെയും വഹിച്ചെത്തുന്ന ആഡംബര നൗക കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിടും. മുംബെയില്‍ നിന്ന് ലക്ഷദ്വീപിലെയ്ക്ക് പോകുന്നതാണ് നൗക.

800ല്‍പ്പരം യാത്രികര്‍ കൊച്ചിയിലെയും സമീപ പ്രദേശത്തേയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. കോവിഡ് സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സ്വീകരണമൊരുക്കും.

കൊച്ചി തുറുമുഖത്ത് ആഡംബര നൗകകള്‍ക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിലാണ് നൗക എത്തുന്നത്. പുതിയ ടെര്‍മിനലില്‍ എത്തുന്ന ആദ്യ നൗക എന്ന പ്രത്യകതയും ഇതിനുണ്ട്. കേരളത്തിന്റെ മുഖ്യ വരുമാനമാര്‍ഗങ്ങളില്‍ ഒന്നായ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുകൂടിയാകും ഇത്.