മാസങ്ങളായി തകർന്ന് കിടക്കുന്ന വൈക്കം വെച്ചൂർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. സർക്കാർ അനാസ്ഥക്കെതിരെ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി. വീതി കൂട്ടി  റോഡ് നിർമ്മിക്കാൻ കിഫ്ബിക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പിഡബ്ല്യുഡി. 

 

റോഡിൻ്റെ ദുരവസ്ഥയും അപകട സ്ഥിതിയും ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് പഞ്ചായത്തും കോൺഗ്രസ് പ്രവർത്തകരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

 

വൈക്കത്ത് നിന്നും ആലപ്പുഴ ചേർത്തല ഭാഗങ്ങളിലേക്കും കുമരകം വഴി കോട്ടയത്ത് എത്താനുമുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. റോഡിലെ വളവുകളിലടക്കം രൂപപ്പെട്ട  കുഴികൾ വലിയ ദുരന്ത സാധ്യതയാണ് ഉണ്ടാക്കുന്നത്. റോഡിൻ്റെ ശോചനീയാവസ്ഥ ഇടയാഴം ജംഗ്ഷനിൽ വലിയ ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ടൂറിസം മേഖലകൾ തുറക്കുന്നതോടെ കുമരകത്തേക്കടക്കം വിനോദ സഞ്ചാരികൾ എത്തുന്നതും ഈ റോഡിലൂടെയാണ്.

 

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ഇങ്ങനെ മാസങ്ങളായി തകർന്ന് കിടക്കുന്നത്. ആധുനികറോഡ് നിർമ്മാണത്തിന് സ്ഥലമടക്കം ഏറ്റെടുത്ത ശേഷം മാത്രമെ പണി തുടങ്ങാനാവൂ എന്നിരിക്കെയാണ് അധികൃതരുടെ ഈ അനാസ്ഥ .