കോവിഡ് ലോക്ഡൗണ്‍ കാലത്ത് വയനാട്ടിലും മണിചെയിന്‍ മോഡല്‍ സാമ്പത്തിക തട്ടിപ്പ്. നാട്ടുകാരായ ഇടനിലക്കാരെ ഉപയോഗിച്ച് മണിചെയിന്‍ അല്ലെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. MXFTM ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ സാധാരണക്കാരായ നൂറു കണക്കിന് പേരെ വഞ്ചിച്ചതായാണ് പരാതി.

5000 നിക്ഷേപിച്ചാല്‍ ഇരുന്നൂറ് ദിവസം കൊണ്ട് മൂന്നിരട്ടി തിരികെ ലഭിക്കും. സാധാരണ മണിചെയിന്‍ തട്ടിപ്പ് സംഘങ്ങളുടെ അതേ തന്ത്രം പയറ്റിയാണ് ഇവിടെയും ഇരകളെ വീഴ്ത്തിയത്. പക്ഷെ ഇടനിലക്കാരായ നാട്ടുകാര്‍ വഴി മണിചെയിന്‍ അല്ലെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. കല്‍പറ്റയിലെ മുണ്ടേരി, മണിയങ്കോട് എന്നിവടങ്ങളില്‍നിന്നാണ് പ്രധാനമായും പരാതി ഉയര്‍ന്നത്. തൃശൂര്‍ സ്വദേശിയായ രതീഷ് രവീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള MXFTM ഇന്റര്‍നാഷണല്‍ എന്ന സ്ഥപനത്തിന്റെ പേരിലാണ് സാധാരണക്കാരില്‍നിന്ന് പണം പിരിച്ചത്. മുണ്ടേരിയില്‍ റേഷന്‍ കട നടത്തുന്ന കൃപേഷ് എന്നയാളാണ് ഇടനിലക്കാരന്‍. തന്നെയും പറ്റിച്ചെന്നാണ് ഇയാളുടെ പ്രതികരണം. ഓട്ടോറിക്ഷ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, കൂലിപ്പണിക്കാര്‍ എന്നവരാണ് പരാതിക്കാര്‍. ഒട്ടേറെ സ്ത്രീകളും തട്ടിപ്പിനിരയായതായി പരാതി. 

മുപ്പത്തിയയ്യായിരം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ‌ഇടനിലക്കാരുടെ ഫോണിലേക്ക് മൊബൈല്‍ ബാങ്കിങ് വഴിയാണ് പണം നല്‍കിയത്. താമരശേരി സ്വദേശിയായ അരുണ്‍ എന്നയാള്‍ വയനാട്ടില്‍വന്ന് ക്ലാസ് എടുത്തു പണം ഇരട്ടിപ്പിനെപ്പറ്റി വിശ്വസിപ്പിച്ചു. മൂന്ന് മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ പരാതിപ്പെട്ടു. കമ്പനി പൂട്ടിപ്പോയെന്നാണ് ലഭിച്ച മറുപടി. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഇവര്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.