കോഴിക്കോട് പന്ത്രണ്ട് വയസുകാരന് നിപ ബാധിച്ചത് വവ്വാലില്‍ നിന്നാണെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. പരിശോധനക്കായി ശേഖരിച്ച സാംപിളുകളില്‍ നിപക്കെതിരായ ആന്റി ബോഡി സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് അനുമാനം. രോഗം സ്ഥിരീകരിച്ച് 21 ദിവസം കഴിഞ്ഞതിനാല്‍ ആശങ്കക്ക് വിരാമമായെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

കോഴിക്കോട് ചാത്തമംഗലത്തെ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയുടെ പ്രഭവകേന്ദ്രം കണ്ടെത്താനായി പരിസരത്ത് കണ്ട ഒട്ടേറെ വവ്വാലുകളില്‍ നിന്ന് സ്രവ സാംപിളുകള്‍ ശേഖരിച്ചിരുന്നു. അവ പൂനൈയില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പരിശോധനാഫലം വന്ന ഭൂരിഭാഗം സാംപിളുകളിലും നിപ വൈറസിനെതിരായ ആന്റിബോഡിയുണ്ട്.

വവ്വാലുകളില്‍ എങ്ങിനെ നിപ വൈറസെത്തി എന്നതിലടക്കം കൂടുതല്‍ വ്യക്തതയുണ്ടാകാനായി വിദഗ്ധ പരിശോധകള്‍ തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രം കണ്ടെത്താനായതിനൊപ്പം രോഗം സ്ഥിരീകരിച്ചിട്ട് 21 ദിവസം കഴിഞ്ഞതും ആശ്വാസമാണ്. രോഗവ്യാപന സാധ്യതയുള്ള കാലം കഴിഞ്ഞതോടെ പ്രതിരോധം വിജയിച്ചെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.