കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വനനിയമ ഭേദഗതി കേരളത്തിലെ മനുഷ്യ, വന്യജീവി സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍. വനത്തിനുള്ളിലെ നിര്‍മാണം, വികസന പദ്ധതികള്‍, , തോട്ടവിളകൃഷി എന്നിവ ലക്ഷ്യമാക്കുന്ന ഭേദഗതി വനവിസ്തൃതി വന്‍തോതില്‍ കുറയുന്നതിന് ഇടയാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭേദഗതിയെക്കുറിച്ചുള്ള അഭിപ്രായമറിയിക്കാനുള്ള തീയതി നവംബര്‍ ഒന്നുവരെ കേന്ദ്ര വനം , പരിസ്ഥിതി മന്ത്രാലയം നീട്ടി.
വന സംരക്ഷണ നിയമങ്ങളെ അപ്പാടെ മാറ്റി മറിക്കുന്നതാണ് 1980 ലെവന നിയമത്തില്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭേദഗതി. സംരക്ഷിത പ്രദേശങ്ങളില്‍ ഖനനം, റോഡ് നിര്‍മാണം. ടൂറിസം, തോട്ടവിളകൃഷി എന്നിവക്കുള്ള എല്ലാ നിയന്ത്രങ്ങളും ഈ ഭേദഗതിയോടെ നീങ്ങും. കാടിന്‍റെ വിസ്തൃതി ചുരുങ്ങുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍കൂടുകയും ചെയ്യുമ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണങ്ങളും മനുഷ്യ, വന്യജീവി സംഘര്‍ഷങ്ങളും വ്യാപകമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ആദിവാസികള്‍ക്കും വനത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും നല്‍കിയിട്ടുള്ള പ്രത്യേക അവകാശങ്ങള്‍ ഇല്ലാതെയാകും എന്നും മാത്രമല്ല, കോര്‍പ്പറേറ്റുകളുടെയും ഇവരുടെയും നിയമപരമായ അവകാശം തുല്യമാണെന്നും ഭേദഗതി വിഭാവന ചെയ്യുന്നു. ഭേദഗതിയുട കരട് ഒക്ടോബര്‍ ഒന്നിന് പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായം അറിയിക്കാന്‍ 15 ദിവസമാണ് നല്‍കിയത്,അത് നവംബര്‍ ഒന്നുവരെ നീട്ടി. സംരക്ഷിത പ്രദേശങ്ങളില്‍ വനേതരപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതോടെ വനസംരക്ഷണനിയമം മാത്രമല്ല, വനാവകാശനിയമവും വന്യജീവി സംരക്ഷണ നിയമവും അട്ടിമറിക്കപ്പെടുമെന്നാണ് വിമര്‍ശനം ഉയരുന്നത്.