തിരുവനന്തപുരം ആര്‍.സി.സിയിലെ രോഗികള്‍ക്കായി കെ.എസ്.ആര്‍.ടി.സി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങി. ആദ്യഘട്ടത്തില്‍ ഇരുപതിനായിരം പേര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. പിന്നീടാണങ്കിലും പത്ത് രൂപ മാത്രമാണ് യാത്രാ നിരക്ക്.
കാസര്‍കോട് മുതല്‍ കന്യാകുമാരി നിന്ന് വരെയെത്തുന്ന ആയിരക്കണക്കിന് രോഗികള്‍. ദിവസേന വന്നും തലസ്ഥാനത്ത് താമസിച്ചും ജീവന്‍രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍. ഇവര്‍ക്കെല്ലാം വലിയ തലവേദനയായിരുന്നു ഓട്ടോയ്ക്കും ടാക്സിക്കുമായി ഒട്ടേറെ പണം മുടക്കേണ്ടത്. അതിന് പരിഹാരമായാണ് ഓരോ പതിനഞ്ച് മിനിറ്റിലുമെന്ന തോതില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. ആശുപത്രിയില്‍ നിന്ന് തുടങ്ങി ഉള്ളൂര്‍–പട്ടം–കുമാരപുരം–മെഡിക്കല്‍ കോളജ് വഴി ആര്‍.സി.സിയില്‍ തിരികെയെത്തുന്ന തരത്തിലാണ് ക്രമീകരണം. യാത്രാ എത്ര കിലോമീറ്ററാണങ്കിലും പത്ത് രൂപയാണ് ചാര്‍ജ്. പക്ഷെ ആദ്യഘട്ടത്തില്‍ അതും വേണ്ട.
കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാരുടെ രക്തദാന കൂട്ടായ്മയാണ് ഈ ആശയം മുന്നോട്ട് വച്ചത്. എം.ഡി ബിജു പ്രഭാകര്‍ ഏറ്റെടുത്തതോടെ പിന്തുണയുമായി മന്ത്രിയുമെത്തി. ഇന്നലെ മുതല്‍ നഗരം ചുറ്റി ആര്‍.സി.സി ബസ് ഓടിത്തുടങ്ങി.