ഇടുക്കി പൂപ്പാറ മുള്ളംതണ്ടിൽ ശക്തമായ മഴയ്ക്കൊപ്പം നിറംമാറി ഒഴുകിയ നീരുറവ ആശങ്ക ഉയർത്തി. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജിയോളജിക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കൂടുതൽ പഠനം ആവശ്യമെന്നും ജില്ലാ ജിയോളജിസ്റ്റ് ഡോ. സുനിൽ കുമാർ പറഞ്ഞു.

പൂപ്പാറ മുള്ളംതണ്ടിൽ തുരുത്ത് കുടിയിൽ ഉണ്ണിയുടെ കൃഷിയിടത്തിലൂടെ ഒഴുകുന്ന നീർച്ചാലിൽ കഴിഞ്ഞ ദിവസമാണ് വെള്ള നിറം കണ്ടത്. മുമ്പുണ്ടായിരുന്നതിലും നീരൊഴുക്ക് ശക്തമാവുകയും ചെയ്തു. വെള്ളത്തിന്റെ നിറം മാറിയതിനൊപ്പം മണലും ചെളിയും ഒഴുകിയെത്തി. 

ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തില്‍ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നീരുറവയുടെ ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ പഠനം നടത്തണമെന്നാണ് നിര്‍ദേശം.ഉറവയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകും. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.