ഒഴുക്കുള്ള പുഴയില്‍ മുട്ടറ്റം വെള്ളത്തില്‍ നീന്തിക്കയറി സ്കൂളില്‍ പോകേണ്ട ഗതികേടിലാണ് കാസർകോട് ചെങ്കള കന്നിക്കുണ്ടിലെ വിദ്യാര്‍ഥികള്‍. ഇവിടെയുള്ള മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉണ്ടെങ്കിലും തീരുമാനങ്ങള്‍ കടലാസ്സില്‍ ഒതുങ്ങി. ചെങ്കള പഞ്ചായത്തിലെ കന്നിക്കുണ്ടിലുള്ള വിദ്യാര്‍ഥികള്‍ വേനല്‍ക്കാലത്തൊഴികെ സ്കൂളിലെത്തുന്നത് നനഞ്ഞ് കുതിര്‍ന്നാണ്. ഈ അപകടം നിറഞ്ഞ യാത്ര ഇവിടുത്തെ വിദ്യാര്‍ഥികളും മറ്റുള്ളവരും അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കടുത്ത വേനലില്‍ മാത്രമാണ് ഇവിടെ മധുവാഹിനിപ്പുഴ വറ്റുന്നത്. അല്ലാത്തപ്പോഴെല്ലാം മുട്ടറ്റം വെള്ളമുണ്ടാകും. മഴ പെയ്ത് പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ രാവിലെയും ഉച്ചയ്ക്കും കുട്ടികളെ രക്ഷിതാക്കള്‍ കാത്തുനിന്നാണ് അക്കര കടത്തുന്നത്. അതായത് കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും നനയണം. 

കന്നിക്കുണ്ട് മാത്രമല്ല തട്ടാമൂല, ചാപ്പാടി, കൊല്ലങ്കോട്ടുമല എന്നീ പ്രദേശങ്ങളിലെ കുട്ടികളും സ്കൂളിൽ പോകാൻ പുഴ കടക്കണം. അപകടകരമായ രീതിയില്‍ വെള്ളമുയര്‍ന്നാല്‍ പുഴകടക്കാതെ സ്കൂളിലെത്താന്‍ ഇവര്‍ക്ക് ഏഴ് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം.