ആവശ്യത്തിന് മണ്ണെണ്ണ കിട്ടാത്തത് ചെറുകിട മല്‍സ്യബന്ധ വളളങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെ പ്രതിസന്ധിയിലാക്കി കഴിഞ്ഞു. മോട്ടോര്‍ ഘടിപ്പിച്ച ചെറുബോട്ടുകള്‍ ഉപേക്ഷിച്ച് എന്‍ജിനില്ലാത്ത വളളങ്ങള്‍ ഉപയോഗിക്കുന്ന പഴയ ശീലത്തിലേക്ക് തിരിച്ചു പോവുകയാണ് തീരദേശത്തെ മല്‍സ്യതൊഴിലാളികള്‍.
വല്ലഭന് പുല്ലും ആയുധമെന്നാണ് തീരദേശത്തെ മല്‍സ്യ തൊഴിലാളികളുടെ നിലവിലെ സ്ഥിതി. മണ്ണെണ്ണ വളളങ്ങള്‍ ഉപയോഗിക്കാനുളള മാര്‍ഗങ്ങള്‍ അടഞ്ഞതോടെയാണ് തെര്‍മോള്‍ ഷീറ്റുകൊണ്ട് നിര്‍മിക്കുന്ന ചെറുവളളങ്ങളെ പോലും ഈ തൊഴിലാളികള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്. ചെറുവളളങ്ങള്‍ക്ക് 129 ലീറ്ററും വലിയ യാനങ്ങള്‍ക്ക് 179 ലീറ്ററുമാണ് നല്‍കുന്നത്. ഒരാഴ്ച മല്‍സ്യബന്ധനം നടത്താന്‍ പോലും ഈ മണ്ണെണ്ണ തികയാതെ വന്നതാണ് തൊഴില്‍മേഖലയാകെ പ്രയാസത്തിലാക്കിയത്. സബ്സീഡി നിരക്കില്‍ പേരിനു ലഭിക്കുന്ന മണ്ണെണ്ണ കഴിഞ്ഞാല്‍ പിന്നെ ഇരട്ടിയിലധികം വില കൊടുത്ത് കരിഞ്ചന്തയില്‍ നിന്ന് വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികള്‍.
ആവശ്യത്തിന് യന്ത്രം ഘടിപ്പിക്കാത്ത വളളങ്ങളില്‍ രണ്ടു നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ സഞ്ചരിക്കാനാവാത്തതും മല്‍സ്യതൊഴിലാളികള്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്.