കര്‍ഷകര്‍ക്ക് ഉപകാരമില്ലാതെ വയനാട്ടിലെ മരക്കടവ്–ഗൃഹന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. സര്‍ക്കാര്‍ കൈവിട്ട പദ്ധതി കര്‍ഷകര്‍ പിരിവെടുത്താണ് ചെറിയ രീതിയിലെങ്കിലും മുന്നോട്ടുകൊണ്ടുപോകുന്നത്. മുപ്പത് വര്‍ഷം മുന്‍പ് നിര്‍മിച്ച കനാലില്‍ പിന്നീട് അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി നിര്‍മിച്ച കനാലുകള്‍ പലയിടത്തും കാട് മൂടിയ നിലയിലാണ്. ചെളിയും കല്ലും നിറഞ്ഞ് ചിലയിടത്ത് കനാല്‍ പൂര്‍ണമായി തകര്‍ന്നു. അറുന്നൂറ് ഏക്കര്‍ നെല്‍വയലില്‍ മാത്രം ഈ കനാലിലൂടെയുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കൃഷിയിറക്കാറ്. മറ്റ് കൃഷിയിടങ്ങളും വേറെ. കബനി നദിയില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മഞ്ഞാടിക്കടവിലെ പമ്പ് ഹൗസിലെ ജീവനക്കാരന് പണം നല്‍കുന്നതുപോലും കൃഷിക്കാര്‍ പിരിവെടുത്ത്. എന്നാല്‍ കനാല്‍ തകര്‍ന്നതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷി പ്രതിസന്ധിയിലാണ്.
വെള്ളം പമ്പ് ചെയ്യുന്ന അന്‍പതുലക്ഷം രൂപ വിലമതിക്കുന്ന മോട്ടര്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ വരെ നാട്ടുകാര്‍ പിരിവെടുത്താണ് നന്നാക്കിയത്. പണം സ്വന്തമായി വീതിച്ചെടുത്ത് മുടക്കിയാലും കനാലിന്റെ ശോചനീയാവസ്ഥ കാരണം ഉപകാരമില്ലാത്ത സ്ഥിതി. ജനപ്രതിനിധികളോടും
ഉദ്യോഗസ്ഥരോടും നിരവധി തവണ പരാതിപ്പെട്ടിട്ടിട്ടും നടപടിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.