മുഖം മിനുക്കിയ വയനാട്ടിലെ കര്‍ളാട് തടാകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാലങ്ങളായി അവഗണന നേരിടുന്ന ഈ വിനോദസഞ്ചാര കേന്ദ്രം പരിമിതികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ്. വയനാട്ടിലെ ആദ്യകാല ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കർളാട്.

 

മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകുന്ന വയനാട്ടിലെ ചുരുക്കം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കര്‍ളാട് തടാകം. മുഖം മിനുക്കിയൊരുങ്ങിയിരിക്കുകയാണ് കര്‍ളാട്.

 

സിപ് ലൈനും ബോട്ടിങ്ങും കയാക്കിങ്ങുമാണ് പ്രധാന ആകര്‍ഷണം. 500 മീറ്റര്‍ ഉയരത്തില്‍ 250 മീറ്റര്‍ നീളത്തിലാണ് തടാകത്തിന് കുറുകെയുള്ള റോപ് വേ. പ്രാദേശിക സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത് കര്‍ളാടിന് പ്രതീക്ഷ നല്‍കുന്നു.

 

ഒരുദിവസത്തെ സന്ദര്‍ശനം എന്നതിനേക്കാളുപരി  സഞ്ചാരികൾക്ക് ഒന്നോ രണ്ടോ ദിവസം താമസിച്ച് തടാകത്തിന്റെ സൗന്ദര്യവും സാഹസിക വിനോദങ്ങളുമെല്ലാം ആവോളം ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. തടാകത്തിന് ചുറ്റിലുമായി കൽമണ്ഡപങ്ങൾ സ്ഥാപിക്കുന്നുണ്ട്. പ്രദേശത്തെ പച്ചപ്പ് നിലനിര്‍ത്തിയുള്ള സൗന്ദര്യവത്കരണത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കുന്നത്. പലതവണ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച പാളിപോയ ചരിത്രം മാറ്റിയെഴുതാനാവുമെന്ന പ്രതീക്ഷയലാണ് നടത്തിപ്പുകാര്‍.