ട്രാക്കില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും തടസപ്പെട്ട തിരുവനന്തപുരം–കന്യാകുമാരി റൂട്ടിലെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുനരാരംഭിക്കാനായില്ല. ഇതോടെ നാളെയും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കും. കന്യാകുമാരിയടക്കം തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലും കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുകയാണ്.

 

നാഗര്‍കോവിലിലെ റെയില്‍ പാളമാണിത്. പാളം പുഴയായി മാറി. സമീപത്തെ ജലസേചന കനാല്‍ പൊട്ടിയാണ് വെള്ളം പാളത്തിലേക്ക് കുത്തിയൊലിക്കുന്നത്. ഇതിനൊപ്പം പാറശാലയിലും കുഴിത്തുറയിലുമായി ഒട്ടേറെയിടങ്ങളില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും ചെയ്തതോടെ കന്യാകുമാരി  തിരുവനന്തപുരം റൂട്ടില്‍  ട്രയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മണ്ണ് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ട്രാക്കിലെ വെള്ളം വഴിതിരിച്ച് വിടാതെ ഗതാഗതം സാധ്യമാവില്ല. അതിനാല്‍ നാളെയും സര്‍വീസ് മുടങ്ങും. നാളെ തിരുനല്‍വേലിയില്‍ നിന്ന് തിരുവനന്തപുരം ആലപ്പുഴ എറണാകുളം വഴി ബിലാസ്പൂറിന് പോകുന്ന പ്രതിവാര ട്രയിന്‍ കേരളത്തില്‍ കയറാതെ മധുര, സേലം വഴി തിരിച്ചുവിട്ടു.  മറ്റ് പതിനൊന്ന് ട്രയിനുകള്‍ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി സര്‍വീസ് അവസാനിപ്പിക്കും. 

 

കന്യാകുമാരിയടക്കം തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസമായി കനത്ത മഴയാണ്. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായതോടെ അഞ്ഞൂറിലേറെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ചെറുപാലങ്ങളും റോഡുകളും തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കന്യാകുമാരിയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പത്മനാഭപുരം കൊട്ടാരപരിസരത്തും വെള്ളം കയറി.