കാസർകോട് പള്ളിക്കരയിലെ റയിൽവേ ഗേറ്റ് വഴി കടന്നുപോകാൻ സാധിക്കാതെ ട്രാൻഫോർമറുമായി എത്തിയ ലോറി അഞ്ചുദിവസമായി ദേശീയപാതയിൽ കുടുങ്ങി. അമ്പലത്തുകര സോളർ പാർക്കിലേക്കായി എത്തിച്ച ട്രാൻസ്ഫോർമറാണ് വഴിയിൽ കുടുങ്ങിയത്. റയിൽവേ ഹൈഗേജ് ലൈൻ അഴിച്ചുമാറ്റിയാൽ മാത്രമെ ലോറി കടന്നുപോകാൻ സാധിക്കുകയുള്ളു.  

 

കാഞ്ഞങ്ങാട് അമ്പലത്തുകരയിലെ 220 kv സോളർ സബ് സ്‌റ്റേഷനിലേക്ക് മലപ്പുറം മലാപ്പറമ്പിൽനിന്ന് ട്രാൻസ്‌ഫോർമറുമായി എത്തിയ ലോറിയാണ് റയിൽവേയുടെ അനുമതി കാത്ത് ചെറുവത്തൂർ ദേശീയപാതയ്ക്ക് അരികിൽ കിടക്കുന്നത്. നീലേശ്വരം, പള്ളിക്കര റയിൽവേ ഗേറ്റിലെ ഹൈഗേജ് ലൈൻ അഴിച്ചുമാറ്റാതെ ട്രാൻസ്ഫോർമറുമായിവന്ന ലോറി കടന്നുപോകില്ല. KSEB 3,05,000 രൂപ അടച്ചാൽ മാത്രമേ അനുമതി നൽകുവെന്നാണ് റയിൽവേയുടെ നിലപാട്. പള്ളിക്കരയിലെ റയിൽവേ മേൽപ്പാലത്തിന്റെ പണി യഥാകാലം പൂർത്തിയാകാത്തതാണ് ട്രാൻസ്ഫോർമർ എത്തിക്കാൻ കാലതാമസമുണ്ടാക്കുന്നത്. കോഴിക്കോട്ടെ ലക്ഷ്മി ക്രെയിൻ ട്രാൻസ്പോർട്ട് കമ്പനി 13 ലക്ഷം ഈടാക്കിയാണ് ടെൽക്ക് കമ്പനിയുടെ 16 വർഷം പഴക്കമുള്ള ട്രാൻസ്ഫോർമർ കൊണ്ടുവരുന്നത്. നിലവിൽ ഉത്തര മലബാറിലെ ട്രെയിനുകളെല്ലാം ഓടുന്നത് സോളർ പാർക്കിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്.