തൊടുപുഴ ഇടവെട്ടി പഞ്ചായത്തിൽ അഴിമതി ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഭരണപക്ഷ കൗൺസിലർക്ക് മർദനമേറ്റു. സംഘർഷത്തിൽ സി.പി.എം, ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഇടവെട്ടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നും നിർമിക്കാത്ത കിണറിന് പണം മാറ്റിയെന്നും ആരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. വിഷയം ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് ഇടത് അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയർന്നു. ഇതിനെ തുടർന്ന് ഇന്നലെ വൈകീട്ട് സിപിഎം പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിനെ തടഞ്ഞു വച്ചു.
എന്നാൽ അഴിമതി ആരോപണം പ്രസിഡന്റ് ഷീജ നൗഷാദ് നിഷേധിച്ചു ഉപരോധ സമരത്തിനിടെ സിപിഎം പ്രവർത്തകർ പ്രകോപിതരായി. ഇതിനിടെയാണ് യുഡിഎഫ് അംഗം അസീസ് ഇല്ലിക്കലിന് മർദനമേറ്റത്. പഞ്ചായത്ത് ഓഫിസിന് പുറത്തും സംഘർഷമുണ്ടായി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുപത്തിയഞ്ച് സി.പി.എമ്മുകാർക്കെതിരെയും , പതിനഞ്ച് ലീഗുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.