wagontragedy-03

വാഗണ്‍ ട്രാജഡിയുടെ നൂറാം വാഷികദിനം ഇന്ന്. തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ചരക്കുബോഗിയില്‍ കുത്തി നിറച്ചുകൊണ്ടുപോയ 70 പേര്‍ മരണത്തിനു കീഴടങ്ങിയതിന്‍റെ ചരിത്രം ഇന്നും വേദനയാണ്. 

 

1921 നവംബര്‍ 19. 36 അടി് നീളവും 8 അടി 5 ഇഞ്ച് വീതിയുമുളള കുപ്രസിദ്ധ 1711 നമ്പര്‍ വാഗണ്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ ബ്രിട്ടീഷ് പട്ടാളത്തിനു വേണ്ടിയൊരുക്കി. മലബാർ കലാപവുമായി ബന്ധപ്പെട്ട് പിടികൂടുന്നവരെ മലബാറിനു പുറത്തേക്കുളള ജയിലുകളിലേക്ക് അയക്കാനുളള കോടതിയുടെ തീരുമാനപ്രകാരം 60 പേരെ ഉള്‍ക്കൊളളുന്ന വാഗണില്‍ കുത്തി നിറച്ചത് 100 പേരെ. കാലുകള്‍ കുത്താന്‍ പോലും ഇടമില്ലാതെ ഇരുട്ടു മാത്രമുളള വാഗണിനുളളില്‍ ശ്വസിക്കാന്‍ വായുമുണ്ടായിരുന്നില്ല.  

 

വാതിൽ തുറക്കാനും വെള്ളം തരാനും ആവശ്യപ്പെട്ട് തടവുകാർ നിലവിളിച്ചെങ്കിലും കോയമ്പത്തൂരിലെ പോത്തന്നൂരിൽ എത്തിയേ വാതിൽ തുറക്കൂ എന്നായിരുന്നു ബ്രിട്ടീഷ് മേധാവിത്വത്തിന്‍റെ മറുപടി. ഓരോ സ്റ്റേഷൻ കഴിയുന്തോറും ശ്വാസം കിട്ടാതെ ഓരോരുത്തരായി കുഴഞ്ഞുവീണു. മരണ വെപ്രാളത്തിൽ പരസ്പരം മാന്തിയും കീറിയും പലർക്കും മുറിവേറ്റു. 20ന് പുലർച്ചെ 12.30ന് പോത്തന്നൂരിലെത്തിയ ശേഷം വാഗണിന്റെ ആദ്യ അറയുടെ വാതിൽ തുറന്നപ്പോൾ പകുതിയിലധികം പേരും മരിച്ചു കിടക്കുകയായിരുന്നു. പട്ടാളക്കാർ വാഗണിലേക്ക് വെള്ളം കോരിയൊഴിച്ചപ്പോൾ തണുപ്പു തട്ടി ജീവൻ അവശേഷിച്ചവർ ഒന്നു പിടച്ചു. മരണം സംഭവിച്ച 56 പേരുടെ മൃതദേഹങ്ങൾ അതേ വാഗണിൽത്തന്നെ തിരൂരിലെത്തിച്ചു. 

 

നാട്ടുകാർ ഏറ്റുവാങ്ങി തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ്, കോട്ട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ കബറടക്കി. ഹിന്ദുമതത്തിൽപെട്ട 3 പേരുടെ മൃതദേഹം മുത്തൂർക്കുന്നിലാണ് സംസ്കരിച്ചത്. മരിച്ച 70 പേരിൽ 35 പേർ പെരിന്തല്‍മണ്ണക്കടുത്ത കുരുവമ്പലം സ്വദേശികളായിരുന്നു. വാഗണ്‍ ട്രാജഡിക്കു ശേഷം ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ച അന്വേഷണവും പ്രഹസനമായി.