jphnwb

 

സംസ്ഥാനത്ത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് കഴിയുന്നവര്‍ വഴിയാധാരമാകുന്നതായി പരാതി. ബി.എസ്.സി. നഴ്സിങ് കഴി‍ഞ്ഞവര്‍ക്കും ജനറല്‍ നഴ്സിങ് കഴി‍ഞ്ഞവര്‍ക്കും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡില്‍ പരിഗണിക്കാമെന്ന PSC നിര്‍ദേശമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നത്. ഹൈക്കോടതി വിധിയുെട പശ്ചാത്തലത്തിലാണ് PSC ഇങ്ങനെ തീരുമാനമെടുത്തത്. 

വര്‍ഷാവര്‍ഷം നിരവധി പേരാണ് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് എന്ന ജെ.പി.എച്ച്.എന്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഈ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മാത്രമുള്ള പി.എസ്.സി. പരീക്ഷകള്‍ ഇല്ലാത്തതാകുന്നതാണ് ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നത്. പകരം ബി.എസ്.സി. നഴ്സിങ്ങും ജനറല്‍ നഴ്സിങ്ങും കഴി‍ഞ്ഞവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതോടെ സ്വകാര്യ ആസ്പത്രികളില്‍ പോലും ജോലി നോക്കാന്‍ കഴിയാത്ത ജെ.പി.എച്ച്.എന്‍. കോഴ്‌സുകാര്‍ വഴിയാധാരമായി തീരുന്ന അവസ്ഥയാണുള്ളതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. 

രണ്ടുവര്‍ഷമാണ് JPHN കോഴ്സിന്‍റെ കാലാവധി. അതിനാല്‍ മറ്റ് BSC, ജനറല്‍ നഴ്സിങ് കഴിഞ്ഞവരോട് മല്‍സരിക്കാന്‍ കഴിയുന്ന അവസ്ഥയല്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. ആശുപത്രിയിലടക്കമുള്ള ചികില്‍സയുടെ കാര്യങ്ങള്‍ GNM-BSC നഴ്സുകാരാണ് ചെയ്യേണ്ടത്. എന്നാല്‍ പൊതുജനാരോഗ്യമാണ് JPHN കാര്‍ ചുമതല. JPHN മാത്രം പരിഗണിച്ച് 2019ല്‍ PSC നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത് അനീതിയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.