lulu-tvm-mall

ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ഷോപ്പിങ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാൾ ഇന്നു 11.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കും. നാളെ മുതൽ ഷോപ്പിങ് നടത്താം. കഴക്കൂട്ടം–കോവളം ബൈപാസിൽ ആക്കുളത്ത് 3 നിലകളിലായി 20 ലക്ഷം ചതുരശ്രയടിയിലാണു മാൾ നിർമിച്ചിരിക്കുന്നത്. 2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ആണ് മുഖ്യ ആകർഷണം.

 

ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രിറ്റ് എന്നിവയുമുണ്ട്. 200 രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം കുടുംബശ്രീ, ഖാദി ഉൽപന്നങ്ങളും മാളിലുണ്ടാകും. 2500 പേർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും ഒരുങ്ങി.കുട്ടികൾക്കായി 80000 ചതുരശ്രയടിയിൽ ഫൺട്യൂറ എന്ന പേരിൽ എന്റർടെയ്ൻമെന്റ് സെന്ററുണ്ട്.

 

മാളിനകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസുമുണ്ട്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പർ പ്ലക്സ് തിയറ്റർ ഉടൻ തുറക്കും. 8 നിലകളുള്ള മൾട്ടി ലെവൽ സംവിധാനത്തിൽ 3500 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്കു പ്രവേശിക്കാനും പുറത്തെത്താനുമായി പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേക്കു കെഎസ്ആർടിസിയുടെ സിറ്റി സർവീസുകളുമുണ്ടാകും.

 

മാളിൽ പതിനയ്യായിരത്തോളം പേർക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ.യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 പേരെ ലുലു ജീവനക്കാരായി നിയമിച്ചു. 100 പേർ ആക്കുളം നിവാസികളാണ്. മാളിലെത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടറൈസ്ഡ് വീൽ ചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഡയറക്ടർമാരായ എ.വി.അനന്ത് റാം, എം.എ.നിഷാദ്, വി.നന്ദകുമാർ എന്നിവർക്കൊപ്പം യൂസഫലി പറഞ്ഞു.