ഓടി നടന്ന വഴികളിലൂടെ പി.ടി തോമസിന്റെ മൃതദേഹവും വഹിച്ച് െകാണ്ടുള്ള ബസ് കടന്നുപോയപ്പോൾ ഒപ്പമോടി നേതാവിന് കൈവീശി യാത്ര നൽകുന്ന സാധാരണക്കാരന്‍റെ കാഴ്ച ഹൃദയത്തില്‍ തൊട്ടു. വൈറ്റില ജംങ്ഷനിലേക്ക് ബസ് എത്തിയപ്പോൾ ഓട്ടോ റിക്ഷാ െതാഴിലാളികൾ അടക്കമുള്ള ഒട്ടേറെ പേർ കൂട്ടമായി എത്തി. അൽപനേരം ബസ് നിർത്തി അവർക്ക് ആദരമർപ്പിക്കാനുള്ള അവസരം നൽകിയ ശേഷമാണ് ബസ് മുന്നോട്ടുപോയത്. ബസിന്റെ ചില്ലിൽ കൈവച്ച് വാഹനത്തിന് ഒപ്പം നീങ്ങി കൈവീശി യാത്ര അയച്ച ഒരു സാധാരണക്കാരൻ നോവ് കാഴ്ചയായി. പി.ടി എന്ന ജനപ്രിയ നേതാവിന് സാധാരണക്കാരൻ നൽകുന്ന ആദരത്തിന്റെ കാഴ്ചയായിരുന്നു വഴിയോരത്തെല്ലം. ഈ സമയമെല്ലാം മൃതദേഹമടങ്ങിയ പെട്ടിക്ക് മുകളിൽ കൈകൾ ഒരുമിച്ച് ചേർത്തുവച്ച് ഭാര്യയും മക്കളും നിൽക്കുന്നുണ്ടായിരുന്നു.
മൃതദേഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.