മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് ഇനി കറുപ്പിന്റെ അഴക്. പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് ഇനി മുഖ്യമന്ത്രിയുടെ യാത്ര. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്. 

 

വെളുത്ത കാറില്‍ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനി പഴയ കാഴ്ച. കറുത്ത കാറാണ് ഇനി കേരളത്തിലെ ഒന്നാം നമ്പര്‍ വാഹനം. 

പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണ് മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോള്‍ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളില്‍ അവയും മാറി കറുപ്പാകും. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെള്ള വണ്ടികളാണ് ഉപയോഗിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കറുപ്പിലേക്ക് മാറാന്‍ തീരുമാനിച്ചതും 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകള്‍ വാങ്ങിയതും. പ്രധാനമന്ത്രി നരേന്ദ്രമോദി കോടികള്‍ മുടക്കി അതീവ സുരക്ഷയുള്ള കറുത്ത മേയ്ബാക് കാറ്‍ വാങ്ങിയതും കഴിഞ്ഞയാഴ്ചയാണ്.