മൂവാറ്റുപുഴ: കാക്കപ്പകയുടെ ചൂടറിഞ്ഞ കുട്ടിക്കുരങ്ങൻ ജീവൻ നിലനിർത്താൻ നഗരത്തിൽ പരക്കം പായുന്നു. കാക്കക്കൂട്ടിൽ കയ്യിട്ടപ്പോൾ കിട്ടിയ മുട്ടകൾ താഴേക്കെറിഞ്ഞു പൊട്ടിച്ചതോടെയാണ് കുട്ടിക്കുരങ്ങൻ കാക്കകളുടെ ശത്രുവായത്. കഴിഞ്ഞ 6 ദിവസമായി കുരങ്ങിനെ ഇരിക്കാനും നിൽക്കാനും സമ്മതിക്കാതെ കാക്കകൾ പിറകെ കൂടി ആക്രമിക്കുകയാണ്.
ശ്രദ്ധയൊന്നു തെറ്റിയാൽ കാക്കകൾ കൊത്തിവലിക്കും. ഇപ്പോൾ ദേഹത്താകെ മുറിവുകളാണ്. ഭക്ഷണം കഴിക്കാൻ പോലും കാക്കകൾ അനുവദിക്കുന്നില്ല. വൃക്ഷങ്ങളുടെ ഇടതൂർന്ന ഇലകളുടെയും ശാഖകളുടെയും ഇടയിൽ കയറി അൽപനേരത്തേക്ക് ഒളിച്ചിരിക്കുമെങ്കിലും താമസിയാതെ കാക്കകൾ കണ്ടെത്തി കുരങ്ങിനെ ആക്രമിക്കും.
കാക്കകളെ പേടിച്ച് വൈദ്യുതി കമ്പികൾക്കിടയിലൂടെയും വാഹനങ്ങൾക്കിടയിലൂടെയുമൊക്കെ ജീവനും കൊണ്ടോടുന്ന കുട്ടിക്കുരങ്ങ് നഗരവാസികളുടെ നൊമ്പരക്കാഴ്ചയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കുരങ്ങ് എവിടെ നിന്നോ നഗരത്തിൽ എത്തിയത്. 24ന് നെഹ്റു പാർക്കിലെ മരച്ചില്ലയിലെ കാക്കക്കൂട്ടിൽ കയ്യിട്ടതോടെയാണു കുരങ്ങന്റെ കഷ്ടകാലം ആരംഭിച്ചത്. കാക്ക കൂട്ടിൽ നിന്നു കിട്ടിയ മുട്ടകൾ കുരങ്ങ് ഓരോന്നായി താഴേക്കെറിഞ്ഞു പൊട്ടിച്ചു വികൃതി കാട്ടി. ഇതോടെ കാക്കകൾ കൂട്ടമായെത്തി കുരങ്ങിനെ ആക്രമിച്ചു.