നാടിന്റെ വികസനത്തിനും യാത്രകൾക്ക് അതിവേഗം പകരാനും കെ–റെയിൽ ആവശ്യമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. ഉയരുന്ന ചോദ്യങ്ങളെ രൂക്ഷമായ സൈബർ ആക്രമണത്തിലൂടെ നേരിടുകയാണ് സിപിഎം അണികൾ. അതേസമയം കേരളത്തിന്റെ യാത്രാദുരിതത്തിന് കെ–റെയിൽ നടപ്പാക്കാതെ തന്നെ പരിഹാരം കാണാൻ ഉള്ള ഒരു ഉപാധി മുന്നോട്ടുവയ്ക്കുന്ന കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എബി കോശി എന്ന വ്യക്തി തന്റെ അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്.

 

കുറിപ്പ് വായിക്കാം:

ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്സ്പ്രസ് വെറും ആറു മണിക്കൂറുകൊണ്ടാണ് ചെന്നൈയിൽനിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസ൪കോടിനുള്ള അതേ ദൂരം. സിൽവ൪ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂ൪ മാത്രമാണ് ഈ വണ്ടി (ആരംഭിച്ചാൽ) അധികമായി എടുക്കുക. ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാം. 

 

ഡൽഹി-ഭോപ്പാൽ ശതാബ്ധി എക്സ്പ്രസിന്റെ വേഗം 155 km/hr ആണ്. കെ-റെയിലിനേക്കാൾ നേരിയ കുറവുമാത്രമാണതിനുള്ളത്. പൂ൪ണ്ണമായും ഇന്ത്യൻ നി൪മ്മിതം. സിൽവ൪ലൈനിന്റെ നൂറിലൊന്നുപോലും പണച്ചെലവു വരികയില്ല. പെട്ടെന്നു പണി പൂ൪ത്തീകരിക്കാനും പറ്റും. തല്ക്കാലം നമുക്ക് ഇതുകൊണ്ട് തൃപ്തിപ്പെടാവുന്നതേയുള്ളു.  കേരളത്തിലെ സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവ൪ലൈനിനായി വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു.