ആലപ്പുഴ – കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കടലിന് അഭിമുഖമായി നിര്‍മിച്ചിരിക്കുന്ന വലിയഴീക്കല്‍ പാലം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. രണ്ടു ജില്ലകളിലെ തീരദേശത്തിന്‍റെ  വികസനത്തിനും ടൂറിസം വളര്‍ച്ചയ്ക്കും പാലം സഹായിക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക അലങ്കാരവിളക്കുസംവിധാനവും ഏര്‍പ്പെടുത്തും. ഉദ്ഘാടനത്തിന് സജ്ജമായ വലിയഴീക്കല്‍ പാലം തുറക്കുന്നതിന് കാത്തിരിക്കുകയാണ് തീരദേശ വാസികള്‍.  കായംകുളം അഴിമുഖത്തിന് കുറുകെ ആലപ്പുഴയിലെ വലിയഴീക്കലിനെയും കൊല്ലത്തെ അഴീക്കലിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം കടലിന് അഭിമുഖമായുള്ള പാലത്തിൽ 125-എൽ.ഇ.ഡി. വിളക്കുകള്‍ സ്ഥാപിക്കും. 

രാത്രികാലങ്ങളിൽ പാലത്തിന്റെ ദൃശ്യഭംഗി വർധിക്കും.  പാലവും ലൈറ്റ് ഹൗസും ഈ മേഖലയിലെ ടൂറിസം സാധ്യതകളെയും വളര്‍ത്തുംഅമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റേതുപോലെ ഇന്റർനാഷണൽ ഓറഞ്ചു നിറമാണ് വലിയഴീക്കൽ പാലത്തിനും നൽകിയിരിക്കുന്നത്. ഇക്കാരണത്താല്‍ മഞ്ഞുളളപ്പോഴും ദൂരകാഴ്ച ലഭിക്കും. 981-മീറ്റർ നീളമുണ്ട് പാലത്തിന് .മധ്യഭാഗത്തുളള മൂന്നു ബോസ്ട്രിങ് ആർച്ചാണ് പ്രധാന ആകർഷണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല മുൻകൈയെടുത്താണ് പാലത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിയത് . LDF  കാലത്ത് പൊതുമരാമത്ത്  മന്ത്രിയായിരുന്ന  ജി.സുധാകരന്‍ പാലം യാഥാർഥ്യമാക്കാൻ ഏറെ ഇടപെട്ടു. നിരവധി സന്ദര്‍ശകരാണ് ദിനം തോറും പാലം കാണാനെത്തുന്നത്.