ഒല്ലൂർ: ഭാര്യ പിണങ്ങിപ്പോയതിന്റെ വിഷമത്തിൽ ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടൽ രക്ഷിച്ചു. ഒല്ലൂർ  സ്റ്റേഷനിൽ  വെള്ളിയാഴ്ച രാത്രി 11. 30 നാണ് സംഭവം. സ്റ്റേഷനോടു ചേർന്ന്  യുവാവ് പാളത്തിൽ തലവച്ചു കിടക്കുന്നതായി  റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെട്ടു. 

 

ഉടൻ  പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസുകാർ ഉടനെ  സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തലശേരി സ്വദേശിയായ യുവാവ് ലോറി ഡ്രൈവറാണ്. സിമന്റ് ഇറക്കാനാണ് ഒല്ലൂരിൽ വന്നത്. മദ്യപിച്ചതിനു ശേഷമാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. തൊഴിലുടമയെ വിളിച്ചുവരുത്തിയ പൊലീസ് യുവാവിനെ അവരുടെ കൂടെ പറഞ്ഞുവിട്ടു.

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)