87 രൂപയ്ക്ക് വില്‍ക്കുമെന്ന് പറഞ്ഞ കേരള ചിക്കന് ഇപ്പോഴത്തെ വില 148 രൂപ. എങ്കിലും പൊതുവിപണിയേക്കാള്‍ 20 രൂപയുടെ കുറവ് കേരള ചിക്കനുണ്ട്. ഉല്‍പാദനച്ചെലവ് കൂടിയതോടെയാണ് കേരള ചിക്കനും വിലകൂട്ടേണ്ടി വന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് വിപണി ഇടപെടലിനുവേണ്ടി കുടുംബശ്രീ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതി തുടങ്ങിയത്. വാങ്ങാനെത്തുന്നവര്‍ വിലകേട്ട് ചിക്കന്‍ കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് മടങ്ങുകയാണ്.
കഴിഞ്ഞ നവംബര്‍ 26ന് 84 രൂപയായിരുന്നു കേരള ചിക്കന് വില. ചൂടുകാലം തുടങ്ങിയതോടെയാണ് വിലയ്ക്കും ചൂടുകയറി തുടങ്ങിയത്. കോഴിക്കുഞ്ഞിന്‍റെ വില 13ല്‍ നിന്ന് 41 രൂപയായി. കോഴിത്തീറ്റവില ചാക്കിന് 200 രൂപ കൂടി. എങ്കിലും മറ്റു കോഴിക്കടകളെ അപേക്ഷിച്ച് 20 മുതല്‍ 25 വരെ വിലവ്യത്യാസമുള്ളതിനാല്‍ വാങ്ങാന്‍ ആളേറെ.
കുടുംബശ്രീ അംഗങ്ങളാണ് കേരള ചിക്കന്‍ കടകള്‍ നടത്തുന്നത്. വില രാവിലെ മൊബൈല്‍ ഫോണില്‍ മെസേജായി കടയുടമയ്ക്ക് ലഭിക്കും. 94 കേരള ചിക്കന്‍ കടകള്‍ മുമ്പ് ഉണ്ടായിരുന്നു. ഏഴെണ്ണം പൂട്ടി. 76 കോടിരൂപയാണ് കേരള ചിക്കന്‍ പദ്ധതിയുടെ ഇതുവരെയുള്ള വിറ്റുവരവ്.
87 രൂപയ്ക്ക് ചിക്കന്‍ ഒരിടത്തും കിട്ടില്ല. പക്ഷേ മറ്റ് കോഴിക്കടകളേക്കാള്‍ 20 രൂപ വിലക്കുറവിലാണ് കേരള ചിക്കന്‍ കിട്ടുന്നത്. സര്‍ക്കാരിന് രണ്ടുകാര്യങ്ങള്‍ ചെയ്യാം. കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ഇനിയും വില താഴ്ത്താം. കൂടുതല്‍ കേരള ചിക്കന്‍ കടകള്‍ തുടങ്ങുകയും ചെയ്യാം.