വയനാട് തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാഹനയാത്രക്കാര്‍. ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാര്‍ യാത്രക്കാരുടെ മുന്‍പിലേക്കാണ് ഒറ്റയാന്‍ കുതിച്ചെത്തിയത്. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുധീഷിന്റെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. സുധീഷിന്റെ അയല്‍ക്കാരായ സ്ത്രീകളും കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.40ഓടെ നാഗമനയില്‍നിന്ന് ആക്കൊല്ലിയിലേക്കുള്ള യാത്രയ്ക്കിടെ ജനവാസ മേഖലയില്‍ വെച്ചാണ് കൊമ്പന്‍ കുതിച്ചെത്തിയത്. ഒറ്റയാന്‍ പലതവണ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ സംയമനത്തോടെ വാഹനത്തിലിരുന്നു. വീണ്ടും കുതിച്ചെത്തിയ ആന തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് കയറിയ ഉടന്‍ സുധീഷ് കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അയല്‍ക്കാരായ സ്ത്രീകളും കുട്ടികളും കാല്‍നടയായി വീട്ടിലേക്ക് പോകുന്നവഴിയാണ് കാറിലെത്തിയ സുധീഷ് ഇവരെ വാഹനത്തില്‍ കയറ്റിയത്. തിരുനെല്ലി അപ്പപ്പാറ മേഖലയില്‍ അതിരൂക്ഷമായ വന്യമൃഗശല്യമാണ് നാട്ടുകാര്‍ നേരിടുന്നത്. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പരാതിയുണ്ട്.