kv-thoms-political-life

അഞ്ച് പതിറ്റാണ്ടുനീണ്ട കോണ്‍ഗ്രസ് ബന്ധം തുലാസിലാക്കിയാണ്  കെ വി തോമസ് സിപിഎം വേദിയിലേക്കെത്തുന്നത്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രി സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും അടക്കം കൈനിറയെ അവസരങ്ങള്‍ നല്‍കിയ കോണ്‍ഗ്രസില്‍നിന്ന് അധികാരവും രാഷ്ട്രീയ പ്രായോഗികതയും മുന്നില്‍ക്കണ്ടാണ് കെ.വി.തോമസിന്റെ പുതിയ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുണ്ടായിരുന്ന അടുപ്പം തലമുറമാറ്റത്തിന്റെ കാലത്ത് രാഹുല്‍ഗാന്ധിയുമായി നിലനിര്‍ത്താനാകാത്തതും കെവി തോമസിന്റെ വഴിമാറ്റത്തിന് കാരണമായിട്ടുണ്ട്.

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടായെന്ന് ചോദിക്കുന്നവരുടെ മുന്നിലൂടെ ഒരു കയ്യകലത്തില്‍ മാറിനിന്ന് നയം വ്യക്തമാക്കിയാണ് കെ.വി.തോമസ് പുതിയ രാഷ്ട്രീയമേച്ചില്‍പുറത്തിന് വഴിതേടുന്നത്. ഇനിയും മുഖം കാണിക്കാന്‍ അവസരമില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടിയില്‍ പക്ഷെ എഴുപത്തിയഞ്ച് വയസുവരെയും കെ.വി.തോമസിന് മാന്യമായ ഇടം ലഭിച്ചുവെന്ന ചരിത്രം പറയുന്നവരോട് എല്ലാവരുടെയും കാര്യത്തില്‍ അതാണോ നയമെന്ന് തോമസ് തിരിച്ചുചോദിക്കുന്നു.

1970 കാലഘട്ടത്തില്‍ കുമ്പളങ്ങി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.വി.തോമസ് പടിപടിയായി ഉയര്‍ന്നു. 77മുതല്‍ കെ.പി.സി.സി അംഗമാണ്. എ.െഎ.സി.സി അംഗമായ 84ല്‍തന്നെ എറണാകുളത്തുനിന്ന്  കെ.വി.തോമസ് ലോക്സഭയിലെത്തി. അക്കാലംവരെയും ഡിസിസിയിലും െഎ.എന്‍.ടി.യുസിയിലും അടക്കം ഇടവേളകളില്ലാതെ പാര്‍ട്ടി കെ.വി.തോമസിനെ പരിഗണിച്ചു. 89ലും 91ലും വീണ്ടും ലോക്സഭ അംഗം. 96ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന്‍ സേവ്യര്‍ അറയ്ക്കലിനോട് തോറ്റ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമ്പോഴും പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ കെ.വി.തോമസിന് പരിഗണന ലഭിച്ചുകൊണ്ടേയിരുന്നു.

2001ലും 2006ലും എറണാകുളത്തുനിന്ന് എം.എല്‍.എയായ െക.വി.തോമസിന് സോണിയാഗാന്ധിയുമായുള്ള അടുപ്പം പാര്‍ട്ടിയിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും നിര്‍ണായക ഘടകമായി. 2001–2004ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായ തോമസ് 2009ല്‍ എം.എല്‍.എയായിരിക്കെ എറണാകുളത്തുനിന്ന് വീണ്ടും പാര്‍ലമെന്റ് അംഗമായി. 2009മുതല്‍ 2014വരെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ തോമസ് 2014ല്‍ അഞ്ചാം തവണയും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുന്ന കാലത്തുണ്ടായ അനിവാര്യമായ മാറ്റങ്ങളാണ് കെ.വി.തോമസും കോണ്‍ഗ്രസുമായുള്ള അകല്‍ച്ചയ്ക്ക് തുടക്കമിട്ടത്.

2019ല്‍ എറണാകുളം ലോക്സഭ സീറ്റില്‍ രാഹുല്‍‍ ഗാന്ധിയുടെ ആശീര്‍വാദത്തോടെ ഹൈബി ഈഡന്‍ എത്തിയതോടെ പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന തോന്നല്‍ ബോധപൂര്‍വം കെ.വി.തോമസിന് സൃഷ്ടിച്ചെടുക്കുകയും ചെയ്തു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ച് കെ.വി.തോമസിനെ പാര്‍ട്ടി ഉള്‍ക്കൊണ്ടെങ്കിലും പുനഃസംഘടനയില്‍ സമകാലീനരെ നിലനിര്‍ത്തി തന്നെ തഴഞ്ഞത് തോമസിനെ ചൊടിപ്പിച്ചു. തന്നെ അപമാനിച്ചുവെന്ന് മറയില്ലാതെ തുറന്നുപറഞ്ഞ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തുമെന്ന് തോമസ് തുറന്നടിക്കുന്നത് തുടര്‍ രാഷ്ട്രീയ സാധ്യത പൂര്‍ണമായി ഉള്‍‌ക്കൊണ്ടാണ്. കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ഇതരപാര്‍ട്ടി നേതൃത്വങ്ങളുമായി ഇഴയടുപ്പമുള്ള ബന്ധം തോമസ് കാത്ത് സൂക്ഷിച്ചതും അതേ പ്രായോഗിക രാഷ്ട്രീയം മുന്നില്‍ക്കണ്ടാണ്. ബിജെപി ഭരണകാലത്ത് യുപിഎസ്്സി അംഗമായതടക്കം ആ പ്രായോഗികതയുടെ തെളിവായി മുന്നിലുണ്ട്.