സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന എം.സി.ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്ന് സമ്മതപത്രം ആശുപത്രി അധികൃതർക്ക് കൈമാറി. അങ്കമാലിയിലെ വീട്ടിലും, സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലും, സി.എസ്.എ ഹാളിലും പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. 

 

മന്ത്രിമാരായ കെ രാജൻ, പി.രാജീവ്, മുൻ മന്ത്രിമാരായ പി.കെ.ശ്രീമതി, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. രാവിലെ എട്ടരവരെ അങ്കമാലിയിലെ വീട്ടിലെത്തി നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് അരമണിക്കൂർ അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചു. അതിനു ശേഷമാണ് ഭൗതികശരീരം സി.എസ്.എ ഹാളിലെത്തിച്ചത്.