TAGS

നെടുങ്കണ്ടം : സംസ്ഥാനപാതയിൽ അപൂർവയിനം ഓന്തിനു സംരക്ഷണമൊരുക്കി നാട്ടുകാർ. അമഗിഡ് ലിസാഡെന്ന ശാസ്ത്രീയ നാമമുള്ള പച്ചഓന്താണ് നെടുങ്കണ്ടം ടൗണിലിറങ്ങിയത്. നെടുങ്കണ്ടത്തെ ജീപ്പ് സ്റ്റാൻഡിനു ചുറ്റും കറങ്ങിയ ഓന്തിനെ പിന്നെ കാണാതായി. ജീപ്പിന്റെ ടയറിന്റെ ഇടയിലും ബൈക്കിലും ഇരിപ്പുറപ്പിച്ച ശേഷം കുമളി – മൂന്നാർ സംസ്ഥാന പാത ക്രോസ് ചെയ്തു. ഇതിനിടെ ഓന്തിന് പോകാനായി വാഹനവും നിർത്തിക്കൊടുത്തു നാട്ടുകാരും യാത്രക്കാരും പിന്തുണ നൽകി.

 

കുറെ സമയം ടൗണിലും പരിസര പ്രദേശങ്ങളിലെ കടകളിലും ചുറ്റിക്കറങ്ങിയ ശേഷമാണ് ഓന്ത് സ്ഥലം വിട്ടത്. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് അമഗിഡ് ലിസാഡിനെ കാണാൻ കഴിയുന്നതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വേനൽ മഴ കനക്കുന്ന സമയത്തു കാടു വിട്ടു പുറത്തേക്കു വരുമെന്നും വംശനാശ ഭീഷണി നേരിടുന്ന ഇനമാണിതെന്നും അധികൃതർ പറഞ്ഞു.