കെഎസ്ഇബിയിലെ അച്ചടക്കനടപടികള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചര്‍ച്ച വിജയമാണ്. മാനേജ്മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയാറാണ്. നടപടിക്രമങ്ങള്‍ പാലിച്ചും പ്രതികാരബുദ്ധിയോ മുന്‍ധാരണയോ കൂടാതെ തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം. സമരം ചെയ്തത് കുറ്റമായി കാണരുന്നെന്നും മന്ത്രി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ബോര്‍ഡ് മുഴുവന്‍സമയ അംഗങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം.

നേരത്തെ ഓഫിസര്‍മാരുടെ സംഘടനകളുമായും മന്ത്രി ചര്‍ച്ച ചെയ്തിരുന്നു. പണിമുടക്കിലും സത്യഗ്രഹത്തിലും പങ്കെടുത്തതിന്റെ പേരിലുള്ള പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചര്‍ച്ച ഫലപ്രദമെന്ന് സംഘടനാ നേതാവ് എം.ജി. സുരേഷ് കുമാര്‍ പ്രതികരിച്ചു. അതിനിടെ സി.പി.എം സംസ്ഥാനസമിതിയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കുനേരെ വിമര്‍ശനമുയര്‍ന്നിരുന്നു. 

ചെയര്‍മാനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടി ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ പ്രശ്നം പരിഹരിക്കട്ടെയെന്നും തല്‍ക്കാലും പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജന്‍ നിലപാടെടുത്തു. മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു. വൈദ്യുതി ബോര്‍ഡിന്റെ നിലപാട്  അറിഞ്ഞശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.