ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ നടപ്പിലാക്കാതെ ചെറായിയിലെ പള്ളിപ്പുറം കോട്ട. തുടർ സംരക്ഷണത്തിന് പദ്ധതികൾ കൊണ്ടുവന്ന് വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
40 ലക്ഷം രൂപ ചെലവിലാണ് കോട്ടയുടെ നവീകരണം പൂർത്തിയാക്കിയത്. കോട്ടയുടെ മുന്നിലെ കായലിൽ ബോട്ട് ജെട്ടിയും നിർമിച്ചു. എന്നാൽ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നത് പ്രഖ്യാപനമായി മാത്രം ഒതുങ്ങി. കോട്ടയുടെ മുൻപിലെ സ്ഥലം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ഉപയോഗപ്പെടുത്താമെങ്കിലും നടപ്പായില്ല. പാർക്കിങ് സ്ഥലം നിർമിക്കാൻ പദ്ധതിയുണ്ടായതും ഫലം കണ്ടില്ല.
വിനോദസഞ്ചാരികളുടെയും ചരിത്രാന്വേഷകരുടെയും ശ്രദ്ധയിൽ കോട്ട എത്തുന്നില്ലെന്നതും പോരായ്മയാണ്. മെയിൻ റോഡിനരികിൽ സ്ഥാപിച്ച ചെറിയ ബോർഡ് മാത്രമാണ് സ്മാരകത്തിലേക്കുള്ള വഴികാട്ടി.പോർച്ചുഗീസുകാർ നിർമിച്ച കോട്ട 1909 ലാണ് തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തത്. പിന്നീട് അത് പുരാവസ്തു വകുപ്പിനു കീഴിലായി.