vt-complex

സംസ്കാരിക വകുപ്പിനു കീഴിലുള്ള പാലക്കാട്ടെ വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം വേഗത്തിൽ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നു മന്ത്രി സജി ചെറിയാൻ. സമീപത്തുള്ള ആലങ്ങാട്ടുതറ കോളനിയിലെയും പരിസരത്തെയും വെള്ളക്കെട്ടു പ്രശ്നം പരിഹരിക്കും. നിർമാണ പുരോഗതി വിലയിരുത്താനുള്ള യോഗത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ മന്ത്രി അതൃപ്തി അറിയിച്ചു.

68.36 കോടി ചെലവിൽ അഞ്ച് ഏക്കർ സ്ഥലത്താണു ജില്ലയുടെ അഭിമാന പദ്ധതിയായി സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. എക്സിബിഷൻ ബ്ലോക്ക്, തിയറ്റർ ഉൾപ്പെടുന്ന പെർഫോമൻസ് ബ്ലോക്ക്. ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന ഓപ്പൺ എയർ തിയറ്റര്‍. തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയം കിഴക്കേ യാക്കരയിൽ പാലക്കാട് ഗവ.മെഡിക്കൽ കോളജിനു സമീപത്താണു നിർമിക്കുന്നത്. നിലവിലെ പ്രവൃത്തികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സമുച്ചയത്തിനോട് ചേര്‍ന്നുള്ള കോളനിയിലെ വെള്ളക്കെട്ടിനും ശാസ്ത്രീയ വഴിയിലൂടെ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. 

കോളനിക്കാരുടെ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ധ സമിതി നിർദേശം നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. യോഗത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ മന്ത്രി അതൃപ്തി അറിയിച്ചു റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ഉയർന്നിരുന്നു. മറുപടി പറയാന്‍ ആളില്ലാതിരുന്നതാണ് മന്ത്രിെയ ചൊടിപ്പിച്ചത്.