ligacase

കോവളത്ത് ലാത്്്വിയന്‍ സ്വദേശിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ഇന്ന്  വിചാരണ നടപടികള്‍ തുടങ്ങും. രണ്ടു പ്രതികളുള്ള കേസിന്‍റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ആരംഭിക്കുന്നത്. ജി. മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ പൊലീസിന്‍റെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ആയുര്‍വേദ ചികില്‍സയ്ക്കായാണ് ലാത്്വിയന്‍ സ്വദേശിയായ യുവതി കേരളത്തിലെത്തിയത്. 2018 മാര്‍ച്ച് 14നു യുവതിയെ സമീപത്തുള്ള തുരത്തില്‍ കൊണ്ടു പോയി ലഹരി വസ്തുക്കള്‍ നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊന്നുവെന്നതാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉമേഷ് , ഉദയന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്. കോവളത്തു നിന്നും കാണാതായ വിദേശ വനിതയെ ആഴ്ചകള്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തത് പൊലീസിനു വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പിന്നീട്  അഴുകിയ മൃതദേഹമാണ് കണ്ടല്‍കാട്ടില്‍ നിന്നും കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്‍റേയും സാമൂഹ്യ വിരുദ്ധരുടേയും താവളമായ ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ ഉമേഷും ഉദയനും പിടിലാകുന്നത്. ഫോര്‍ട് അസിസ്റ്റന്‍റ് കമ്മിഷണറായിരുന്ന ദിനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഉത്ര കേസിന്‍റേയും, വിസ്മയ കേസിന്‍റേയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജി.മോഹന്‍രാജാണ് ഈ കേസിന്‍റേയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.