anganavadi

ചേർത്തല ∙ അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമയ്ക്ക് അങ്കണവാടി നിർമിക്കാനായി അച്ഛൻ നടത്തിയ ശ്രമത്തിനു ഫലപ്രാപ്തി. 8 വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ അങ്കണവാടി കെട്ടിട നിർമാണം പൂർത്തിയായി. ഉദ്ഘാടനം നാളെ. ചേർത്തല തെക്ക് പഞ്ചായത്ത് 7–ാം വാർഡ് മാടയ്ക്കൽ ശ്രീജാലയത്തിൽ അജോഷിന്റെ സ്മരണയ്ക്കായി അച്ഛൻ എസ്. മുരളീധരനാണ് (66) അങ്കണവാടി നിർമാണത്തിന് ആഗ്രഹം അറിയിച്ചത്. 

 

കൊച്ചി ഇൻഫോപാർക്കിൽ ജോലിക്കാരനായിരുന്ന മകൻ അജോഷ് 2013 ഏപ്രിൽ 13ന് മുവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതാണ്. മകന്റെ ഓർമയിൽ വീടിനോടു ചേർന്നുള്ള 4 സെന്റ് സ്ഥലത്ത് അങ്കണവാടി നിർമിക്കണമെന്ന ആവശ്യവുമായി 2014ൽ ചേർത്തല തെക്ക് പഞ്ചായത്തിനെ സമീപിച്ചു. പ്രദേശത്ത് വാടകയ്ക്കു പ്രവർത്തിക്കുന്ന അങ്കണവാടി ഇവിടേക്കു മാറ്റാമെന്നായിരുന്നു അഭിപ്രായം. മറുപടിയും അനുമതിയും വൈകിയെങ്കിലും 2016ൽ സ്വന്തം ചെലവിൽ തന്നെ 4 സെന്റ് സ്ഥലം പഞ്ചായത്തിന് പ്രമാണം ചെയ്തു കൊടുത്തു. കെട്ടിട നിർമാണ സ്ഥലത്തേക്കു വഴിയില്ലാത്തതിനാൽ സ്വന്തം ചെലവിൽ 6 സെന്റ് സ്ഥലം വാങ്ങി വഴിയൊരുക്കിയും നൽകി.

 

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷം മുൻപ് കെട്ടിട നിർമാണം തുടങ്ങിയെങ്കിലും ഭിത്തി നിർമിക്കലും കോൺക്രീറ്റും മാത്രമേ പൂർത്തിയായുള്ളു. നടപടികളും നിർമാണവും വൈകിയതിനാൽ 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായില്ല.  6.19 ലക്ഷം രൂപ ചെലവാക്കി. വൈദ്യുതീകരണം, പ്ലമിങ്, പെയിന്റിങ്, ടൈൽസ് സ്ഥാപിക്കൽ ഉൾപ്പെടെ ജോലികൾ തീരാനുണ്ടായിരുന്നു. മുരളീധരന്റെ തുടർച്ചയായുള്ള പരിശ്രമത്തെ തുട‌ർന്ന് അധികൃതർ വീണ്ടും ഇടപെട്ടു.

 

ചേർത്തല തെക്ക് പഞ്ചായത്ത് 5.13 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും അങ്കണവാടിക്ക് അജോഷ് സ്മാരകം എന്നു പേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, പഞ്ചായത്ത് അംഗം ആര്യ എസ്. കുമാർ എന്നിവർ പറഞ്ഞു. നാളെ 10ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്യും.