lokayuktha

സര്‍ക്കാര്‍ സംവിധാനത്തിനെതിരെ ലോകായുക്തയ്ക്ക് മുന്നിലെത്തുന്ന പരാതികളില്‍ വന്‍കുറവ്. ഈ വര്‍ഷം വന്നത് പതിനാറ് പരാതികള്‍ മാത്രം. പ്രതിവര്‍ഷം ആയിരത്തിയഞ്ഞൂറ് പരാതികള്‍വരെ പരിഗണിച്ചിരുന്ന സ്ഥാനത്താണ് എണ്ണം രണ്ടക്കത്തില്‍ നില്‍ക്കുന്നത്. മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിറപ്പിച്ചിരുന്ന ലോകായുക്ത സംവിധാനത്തിന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മൂക്കുകയറിട്ടിരുന്നു. 

അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ടായിരുന്ന ലോകായുക്തയുടെ ഉത്തരവുകള്‍ ശുപാര്‍ശകള്‍മാത്രമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോകായുക്തയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടതോടെ പൊതുജനത്തിനും വിശ്വാസ്യത നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 1264 പരാതികളെത്തി. 1192 എണ്ണം തീര്‍പ്പാക്കി. 2017 ല്‍1673 പരാതികള്‍. തീര്‍പ്പാക്കിയത് 1520. 2018 ല്‍ 1578 പരാതികള്‍ വന്നതില്‍ 1359 എണ്ണം തീര്‍പ്പാക്കി. 2019 ആയപ്പോഴേക്കും പരാതികളുടെ എണ്ണം കുറഞ്ഞു തുടങ്ങി 1057. ഇതില്‍ 921 പരാതികള്‍ തീര്‍പ്പാക്കി. 

2020ല്‍ പരാതികളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. 205 പരാതികള്‍. 2021 ല്‍ 227 എണ്ണവും. ഈ വര്‍ഷം മാര്‍ച്ചുവരെ പതിനാറ് പരാതികള്‍ മാത്രമാണ് വന്നത്. ഇപ്പോള്‍ വരുന്ന പരാതികളില്‍ പകുതിയില്‍താഴെമാത്രമാണ് തീര്‍പ്പാക്കുന്നത്. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ശമ്പളത്തിനായി പ്രതിമാസം 4.89 ലക്ഷവും, ഓഫിസ് പ്രവര്‍ത്തനത്തിന് 34 ലക്ഷവും സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.