plasticban-02

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ . ചട്ടം ലംഘിച്ചാൽ പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപെടെയുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക കൺട്രോൾ റൂമുകളും സ്ക്വാഡുകളും ഉണ്ടാകും.

 

പ്ലാസ്റ്റിക് നിരോധനം കാലങ്ങളായി പല തരത്തിൽ  സർക്കാരുകൾ കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. രാജ്യത്ത് പ്രതിദിനം ഉണ്ടാകുന്നത് 25940 ടൺ മാലിന്യം. ഇത് തടയാനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപനങ്ങൾ ഇനി വേണ്ടെന്ന തീരുമാനം. ഇയർ ബഡ്, ബലൂൺ, കൊടികൾ, മിഠായികൾ, ഐസ് ക്രീം എന്നിവയുടെ പ്ലാസ്റ്റിക് സ്റ്റിക് , അലങ്കാരത്തിന് ഉപയോഗിക്കുന്ന തെർമോക്കോൾ , പ്ലാസ്റ്റിക ഗ്ലാസ്, സ്പൂൺ, പ്ലേറ്റ്, ഫോർക്, കത്തി ..... ഇങ്ങനെ പോകുന്നു നിരോധിച്ചവയുടെ പട്ടിക. 

 

കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്കാണ് നിരോധനം കൃത്യമായി നടപ്പാക്കാനുള്ള ചുമതല. ചട്ടലംഘകർക്ക് പിഴ ഉറപ്പ്. വ്യക്തികൾക്കും വീടുകൾക്കും പിഴ 500 രൂപ. സ്ഥാപനമായാൽ 5000 രൂപ.പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 5 വർഷം തടവോ ഒരു ലക്ഷം പിഴയോ ലഭിക്കാം. കഴിഞ്ഞ സെപ്തംബറിൽ  75 മൈക്രോണിന് താഴെയുള്ളതും ഡിസംബറിൽ 12O മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് സഞ്ചികൾ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും ലഭ്യതക്ക് കുറവില്ല. എല്ലാവരും പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണെങ്കിൽ അപ്പോൾ ചിന്തിക്കാമെന്ന് കച്ചവടക്കാർ. നേരത്തെ നിരോധനം ഏർപ്പെടുത്തിയപ്പോഴുണ്ടായ അവസ്ഥ ആവർത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ടെനാണ് സർക്കാർ അവകാശപ്പെടുന്നത്.