തലമുറകളായി നെൽകൃഷിയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്നവരാണ് വയനാട്ടിലെ എടത്തന തറവാട്ടുകാർ. ആദിവാസി വിഭാഗമായ കുറിച്യരുടെ ഗോത്രാചാര പൊലിമയോടെ ഇത്തവണയും എടത്തന തറവാട്ടുകാരുടെ നാട്ടിയുത്സവം നടന്നു. ഇരുന്നൂറോളം കുടുംബാംഗങ്ങളാണ് പതിനഞ്ച് എക്കർ വരുന്ന പാടശേഖരത്തിൽ ഞാറുനടാൻ ഇറങ്ങിയത്.
വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യർക്ക് നെൽകൃഷി ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്. ഇന്നും കൂട്ടുകുടുംബ സമ്പ്രദായം പിൻതുടരുന്ന കുറിച്യ തറവാടുകളിൽ നെൽകൃഷിയിലും ആ കൂട്ടായ്മ കാണാം. പരമ്പരാഗതമായി ആചരിച്ചുവരുന്ന നാട്ടിയുത്സവം ഇത്തവണയും എടത്തന തറവാട്ടിൽ പൊലിമയോടെ നടന്നു. ഗോത്രാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ഇരുന്നൂറോളം പേർ ഒരുമിച്ച് ഞാറുനട്ടു. വയനാടിന്റെ തനത് നെല്ലിനങ്ങളായ വെളിയനും ഗന്ധകശാലയും പാടശേഖരത്തെ പച്ചപ്പണിയിക്കും.
നെൽകൃഷിയും പാരമ്പര്യ വിത്തിനങ്ങളും സംരക്ഷിച്ച് നിലനിർത്തുക എന്നതാണ് നാട്ടിഉത്സവത്തിന്റെ സന്ദേശം. എടത്തന തറവാട്ടിൽ നടക്കുന്ന പുത്തരിയുത്സവം,വിവാഹം തുടങ്ങി എല്ലാ ചടങ്ങുകൾക്കും സ്വന്തമായി വിളയിച്ചെടുത്ത നെല്ല് മാത്രമാണ് ഉപയോഗിക്കുന്നത്. നഷ്ടക്കണക്ക് പറഞ്ഞ്പലരും പിൻമാറിയിട്ടും എടത്തന തറവാട്ടുകാരെ പോലെ ചിലർ നെൽകൃഷിയെ ജീവിതത്തോട് ചേർത്ത് നിർത്തുന്നു.