സംസ്ഥാനത്തിന്‍റെ ജി.എസ്.ടി. വരുമാനം ഉയരുന്നു. 2061 കോടിയാണ് ജൂണിലെ ജി.എസ്.ടി പിരിവ്. എന്നാല്‍ കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് തുടര്‍ന്നില്ലെങ്കില്‍ ഈ വരുമാന വര്‍ധനകൊണ്ടും പ്രതിസന്ധി മാറില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. നഷ്ടപരിഹാരം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ ഈ മാസം മുതല്‍ സംസ്ഥാനത്തിന്‍റെ വരുമാനത്തില്‍ 1000 കോടിയുടെ വീതം കുറവുണ്ടാകും.

2161 കോടിയാണ് കഴിഞ്ഞ മാസം കേരളത്തിനു ലഭിച്ച ജി.എസ്.ടി വരുമാനം.  കഴിഞ്ഞ വർഷം ജൂണിൽ ലഭിച്ച 998 കോടിയേക്കാൾ 116% കൂടുതലാണിത്. എന്നാൽ കോവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ ജി.എസ്.ടി വരുമാനം കുത്തനെ താഴ്ന്നതാണ് ഈ വലിയ അന്തരത്തിന് കാരണം. ഇക്കൊല്ലം മേയിലെ ജി.എസ്.ടി വരുമാനം 2064 കോടിയായിരുന്നു. മേയിൽ നിന്ന് ജൂണിലെത്തിയപ്പോൾ വരുമാനത്തിലെ വർധന 97 കോടിയാണ്. ക്രമാനുഗതമായി സംസ്ഥാനത്തിൻ്റെ ചരക്കു സേവന നികുതി വരുമാനം ഉയരുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്രം നൽകി വന്ന ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ച സാഹചര്യത്തിൽ ഈ വരുമാന വളർച്ച സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ പര്യാപ്തമല്ല എന്നാണ് ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

നഷ്ടപരിഹാരം നിലച്ചതോടെ മാസം 1000 കോടിയുടെ കുറവെങ്കിലുമുണ്ടാകും. സാമ്പത്തിക വർഷം 12000 കോടിയുടേയും കുറവ്. എല്ലാ സംസ്ഥാനങ്ങളും ഈ പ്രതിസന്ധി നേരിടുന്നതിനാൽ കേന്ദ്രം നഷ്ടപരിഹാരം തുടർന്നും കുറച്ചു കാലത്തേക്ക് നൽകാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.തൽക്കാലം ശമ്പളം, പെൻഷൻ വിതരണത്തിന് തടസമുണ്ടാകില്ലെങ്കിലും ചരക്കു സേവന നികുതി വരുമാനത്തിൽ ഗണ്യമായ വളർച്ചയുണ്ടായില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം  തുടർന്നും അഞ്ചുവര്‍ഷത്തേക്കുകൂടി നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.