ബസിന് മുകളില്‍ പൂത്തിരികത്തിച്ച് തീപിടിച്ചെന്ന ആരോപണം ഉയര്‍ന്ന കൊമ്പന്‍ എന്ന ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധന. അപാകതകള്‍ കണ്ടെത്തിയെന്നും പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ആര്‍ടിഒ പറഞ്ഞു. അപകടമുള്ള പൂത്തിരിയല്ലെന്നും പൂത്തിരി കത്തിച്ച ബസിന്‍റെ മുകളിലല്ല തീപിടിത്തം ഉണ്ടായതെന്നുമാണ് ബസുകാരുടെ നിലപാട്.

പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് വിനോദയാത്രപോകും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചെന്ന ആരോപണത്തിലാണ് രണ്ടു ബസുകളും പത്തനംതിട്ടയിലേക്ക് വിളിച്ച് പരിശോധന നടത്തിയത്. രണ്ടു ബസുകളും ആര്‍ടിഒ വിശദമായി പരിശോധിച്ചു. ഒരു ബസ് ഓടിച്ചു നോക്കി. സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിക്കാത്തതടക്കം അപാകതകള്‍ കണ്ടെത്തി. നാളെ വൈകുന്നേരം നാലുമണിക്ക് മുന്‍പ് ഇവ പരിഹരിച്ചാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കും. 

ബസുകളില്‍ നിന്ന് നേരത്തേ പിഴയീടാക്കിയിരുന്നു. വിനോദയാത്ര തുടങ്ങും മുന്‍പ് അറിയിക്കണമെന്ന് ആര്‍ടിഒ പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രയ്ക്കു മുന്‍പ് വാഹനങ്ങള്‍ പരിശോധിക്കും.  ടൂറിസ്റ്റ് ബസുകളില്‍ ഇത്തരം ആഘോഷങ്ങള്‍ വ്യാപകമാണെന്നും മറ്റ് ടൂറിസ്റ്റ് ബസുകളുടെ യാര്‍ഡിലും പരിശോധന നടത്തുമെന്നും  ആര്‍ടിഒ പറഞ്ഞു. പൂത്തിരി കത്തിച്ച ബസിലല്ല മറ്റൊരു ബസിന്‍റെ മുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണെന്ന് ബസുകാര്‍ പറയുന്നു. കല്യാണ വേദിയിലും മറ്റും കാണുന്ന കൂള്‍ ഫയര്‍ എന്ന സംവിധാനമാണ് പൂത്തിരിക്ക് ഉപയോഗിച്ചത്. ഇത് അപകടമുണ്ടാക്കിയിട്ടില്ലെന്നും അവര്‍ വിശദീകരിക്കുന്നു.