തിരുവനന്തപുരം പാറശാലയില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത മൂന്ന് വയസുകാരി മരിച്ചു. കളിയിക്കാവിള സ്വദേശികളായ പോള്‍ രാജിന്റെയും അശ്വിനിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. പോള്‍ രാജും അശ്വിനിയും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അശ്വിനി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഡോക്ടറെ കാണാനായി പാറശാല താലൂക്ക് ആശുപത്രിയിലെത്തി മടങ്ങും വഴിയാണ് ടിപ്പര്‍ ഇടിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. അമിതവേഗവുമാണ് അപകടത്തിന് കാരണമായത്. ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തുള്ള മതിലിലും ഇടിച്ച് മറിഞ്ഞാണ് ടിപ്പറും നിന്നത്. ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.