ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാലക്കാട് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നില്ലെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസിന്റെ യാചന സമരം. അപകടങ്ങൾ തുടർക്കഥയായിട്ടും ബിജെപി ഭരണസമിതി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ചെയർപേഴ്സണെ ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

റോഡുകൾ പലതും തോടുകളായി. വാഴ നട്ടും ചൂണ്ടയിട്ടുള്ള പ്രതിഷേധവും മുറ പോലെ. പരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനങ്ങളും ബഹുജന സമരങ്ങളും നഗരസഭ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. ചിലയിടങ്ങളിൽ കരിങ്കല്‍ പാളികളിട്ട് കുഴിയടച്ചതൊഴിച്ചാല്‍ നല്ല നിലയില്‍ റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമമില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് അന്‍പത്തി രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വേണ്ടി നഗരസഭയോട് യാചിക്കുന്നുവെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്. സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നഗരസഭാധ്യക്ഷയുടെ മറുപടി. 

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തകര്‍ന്ന റോഡുകളുടെ ചിത്രം പതിപ്പിച്ച വസ്ത്രമണിഞ്ഞാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.