ഓലക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ ശാന്തിനഗർ തയ്യാലക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം (22) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. 2 ബൈക്കുകളിലായെത്തിയ 3 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾ ആഴത്തിൽ വെള്ളമുള്ള ഭാഗത്ത് അക്ഷയും സാന്റോയും കുളിക്കാനിറങ്ങി. നീന്തൽ വശമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂനൻ വീട്ടിൽ ആൽബിൻ ഇറങ്ങിയില്ല.
കൂട്ടുകാർ പൊങ്ങി വരാതായതോടെ ആൽവിൻ വെള്ളച്ചാട്ടത്തിന്റെ പരിസരത്തുണ്ടായിരുന്ന വനംവകുപ്പിന്റെ ഗാർഡിനെയും നാട്ടുകാരെയും വിവരമറിയിച്ചു. ഇവരെത്തി പുറത്തെടുക്കുമ്പോഴേക്കും 2 പേരും മരിച്ചിരുന്നു. തൃശൂരിൽ നിന്ന് ഒരു യൂണിറ്റ് അഗ്നി രക്ഷാ സേനയും ഒല്ലൂർ സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മാന്ദാമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒട്ടേറെ നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി. വിദേശത്തു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അക്ഷയ്‌രാജിന്റെ മരണം.
അമ്മ: പൗളി. സഹോദരി ഐശ്വര്യ. പുണെയിൽ ജോലി ചെയ്യുന്ന സാന്റോ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. അമ്മ: ലൂസി. സഹോദരൻ ആൽവിൻ. ഇരുവരുടെയും മൃതദേഹങ്ങൾ തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. താരതമ്യേന അപകടങ്ങൾ കുറവുള്ള വെള്ളച്ചാട്ടമായതിനാൽ ഇവിടെ ഒട്ടേറെ വിനോദ സഞ്ചാരികൾ എത്താറുണ്ട്. മുൻപ് ഇവിടെ മുങ്ങി മരണമുണ്ടായിട്ടില്ലെന്നു പരിസരവാസികൾ പറയുന്നു. മന്ത്രി കെ.രാജൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി.
വിദേശയാത്രയ്ക്ക് കാത്തിരുന്നു; അപ്രതീക്ഷിതമായി ദുരന്തം
ചെങ്ങാലൂർ ∙ യുകെയിലേക്കുള്ള പോകാനുള്ള വീസയും നടപടിക്രമങ്ങളും പൂർത്തീകരിച്ചു വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നതിനിടെയാണ് അക്ഷയ് രാജിനെ മരണം കവർന്നത്. പോകേണ്ട ദിവസങ്ങൾ അടുത്തതിനാൽ ബൈക്കിൽ പോലും അനാവശ്യമായി യാത്ര ചെയ്യരുതെന്ന് അക്ഷയ്‌രാജിനോട് അച്ഛൻ ഷാജൻ പറഞ്ഞിരുന്നു.
ഇതിനിടയിലാണ് സുഹൃത്തുക്കൾ ഒന്നിച്ചു മരോട്ടിച്ചാലിലേക്കു യാത്ര നടത്തിയത്. പുണെയിൽ ജോലി ചെയ്തിരുന്ന സാന്റോ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കളിൽ പലരും ഇതറിഞ്ഞിരുന്നില്ല. നാട്ടിൽ ഇല്ലാതിരുന്നുവെന്നു കരുതിയിരുന്ന സാന്റോ മരിച്ചെന്ന വാർത്ത അയൽവാസികൾക്കു പോലും ഉൾക്കൊള്ളാനായില്ല.
വൃക്കരോഗിയായി ഡയാലിസിസിനു വിധേയനായിരുന്ന അച്ഛൻ ആന്റോയെ ഏറെ വൈകിയാണ് മരണവാർത്ത അറിയിക്കാനായത്. കൺമുന്നിൽ നിന്നും സുഹൃത്തുക്കൾ കൈവിട്ടുപോയ നടുക്കത്തിൽ നിന്നും കൂടെയുണ്ടായിരുന്ന രക്ഷപ്പെട്ട സുഹൃത്ത് ആൽബിനും കരകയറാനായിട്ടില്ല.
ഓലക്കയം ആദ്യമായി മരണക്കയമായി
മരോട്ടിച്ചാൽ ∙ ഓലക്കയം വെള്ളച്ചാട്ടത്തിൽ ആദ്യമായി നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മരോട്ടിച്ചാൽ ഗ്രാമം. സുരക്ഷിതമെന്നു കരുതിയിരുന്ന വെള്ളച്ചാട്ടത്തിൽ 2 പേർ മരിച്ചത് നാട്ടുകാരെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഓലയക്കയത്തി നരികിലെത്തിയത്. 2 പേരെയും പുറത്തെടുത്തതും നാട്ടുകാരായിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ കാൽ കുഴഞ്ഞതാവുമെന്നാണു നാട്ടുകാർ പറയുന്നത്.
ഈ വെള്ളച്ചാട്ടത്തിനു 150 മീറ്റർ മുകളിലെ ഒരു പാറയിടുക്കിൽ വർഷങ്ങൾക്കു മുൻപ് ഒരാൾ മരിച്ചതാണ് ഇതിനു മുൻപുണ്ടായ ദുരന്തം. 3 വർഷം മുൻപ് ഇതിനു സമീപമുള്ള എലിഞ്ഞിപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയ 2 പേർ കാടിനുള്ളിൽ 2 ദിവസം കുടുങ്ങിയിരുന്നു. എലിഞ്ഞിപ്പാറയിലേക്ക് പിന്നീട് പ്രവേശനം നിരോധിച്ചു. രണ്ട് വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്.
വേണം നല്ല ശ്രദ്ധ
നീന്തൽ അറിയാവുന്നവർക്കു പോലും വെള്ളക്കെട്ടുകളിൽ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. ആഴമില്ലാത്തതും അധികം ഒഴുക്കില്ലാ ത്തതുമായ വെള്ളക്കെട്ടുകളിൽ മാത്രമേ കണ്ടുനിൽക്കുന്നവർക്കു രക്ഷിക്കാൻ സാധിക്കൂ. പാറമടകൾ, കുളങ്ങൾ എന്നിവയ്ക്കും കിണറു കൾക്കുമെല്ലാം ചുറ്റുമതിലും വേലിയും കെട്ടണം. അപകട ഭീഷണി ബോർഡുകൾ വയ്ക്കുന്നതും ദുരന്തം ഒഴിവാക്കാൻ സഹായകരമാണ്. അടിയൊഴുക്കുകൾ ചിലപ്പോൾ അപകടങ്ങൾക്കു വഴിയൊരുക്കാം.
മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകളിൽ ചൂണ്ടയിടാനും കുളിക്കാനും പോകരുത്. വെള്ളക്കെട്ടുമായി ബന്ധപ്പെടുന്നവരും വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവരും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, ഉറപ്പുള്ള കയർ എന്നിവ കരുതണം. നീന്തലറി യാവുന്നവർ കരയുമായുള്ള ദൂരം കണക്കാക്കിയ ശേഷമേ നീന്താവൂ. പ്രദേശം പരിചയമില്ലാത്തവർ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങരുത്. (ജാഗ്രതാ നിർദേശങ്ങൾ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഫയർ ഓഫിസ്.