ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നിറയുകയാണ് എറണാകുളം മഹാരാജാസ് കോളജിൽ. എസ്എഫ്ഐ–കെഎസ്​യു തമ്മിലുള്ള ബാനർ പോര് മറ്റ് കോളജുകളും ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ എസ്എഫ്ഐ ഉയർത്തിയ മറുപടിക്ക് അതിനും മുകളിൽ ബാനർ ഉയർത്തി കെഎസ്​യുവിന്റെ മറുപടി ഇന്നെത്തി. ‘വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ..’

 

 

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്എഫ്ഐയുടെ ആദ്യ ബാനർ മറുപടി. കോളജിൽ അത്ര ശക്തമല്ലെങ്കിലും കെഎസ്​യുവും വെറുതേയിരുന്നില്ല. ചുവന്ന ബാനറിന് മുകളിൽ നീല ബാനർ ഉയർത്തി കെഎസ്​യുക്കാരുടെ മറുപടിയും എത്തി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’. പിന്നാലെ എത്തി ചുവന്ന ബാനർ. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ..’ ഇതിനുള്ള മറുപടിയാണ് ഇന്നത്തെ ബാനർ. പരസ്പരം തമ്മിൽ തല്ലാതെ ആശയത്തെ ആശയം െകാണ്ട് തന്നെ നേരിടുന്ന ഈ രീതി മാതൃകയാണെന്ന് വാഴ്ത്തുന്നവരെയും കാണാം. എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് തുടക്കം. ഒരുകാലത്ത് കെഎസ്​യുവിന്റെ കോട്ടയായിരുന്ന മഹരാജാസ് ഇപ്പോൾ എസ്എഫ്ഐയുടെ ചെങ്കോട്ടയാണ്.