ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഗുരുവായൂരില്‍ നിറപ്പകിട്ടോടെ ശോഭയാത്ര. കുരുന്നുകള്‍ ഉണ്ണിക്കണ്ണനായി വേഷമിട്ട് ശോഭായാത്രയില്‍ അണിനിരന്നു. ആവേശം വിതറി ഉറിയടിയും നടന്നു.
അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ കൃഷ്ണവേഷത്തില്‍ കുരുന്നുകളെത്തി. ഉറിയടിയായിരുന്നു മുഖ്യയിനം. കുരുന്നുകള്‍ അണിനിരന്ന ശോഭയാത്ര ഗുരുവായൂരില്‍ ദൃശ്യവിരുന്നൊരുക്കി. ഗുരുവായൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ശോഭയാത്ര ഒരുക്കിയിരുന്നു. പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു ശോഭയാത്രകള്‍ ഒരുക്കിയത്. കലാവിരുന്നും സംഘടിപ്പിച്ചു. ഗുരുവായൂരപ്പനെ പിറന്നാള്‍ദിനത്തില്‍ തൊഴാനായി ഭക്തരുടെ വന്‍തിരക്കായിരുന്നു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി ഭക്തപ്രവാഹമായിരുന്നു. മുപ്പതിനായിരം പേര്‍ക്ക് ക്ഷേത്രത്തില്‍ പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു. ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലം വഹിച്ച് എഴുന്നള്ളിപ്പും നടന്നു.